ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല: സുപ്രിം കോടതി വിധി കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടി- പി. ആര്‍ സിയാദ്
മാനന്തവാടി: ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന സുപ്രിം കോടതി വിധി സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനായി രാജ്യത്തിന്റെ ഫെഡറലിസം അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. തരുവണയില്‍ നടന്ന പാര്‍ട്ടി ജില്ലാ തല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് അധികാരമെന്ന കോടതി നിരീക്ഷണം ഏറെ പ്രസക്തമാണ്. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ ഗവര്‍ണർമാരെ ഉപയോഗിച്ച് വിരട്ടി നിര്‍ത്താനാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. തമിഴ്‌നാട്, കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. പഞ്ചാബ്, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന സർക്കാരുകൾ ഗവര്‍ണര്‍മാര്‍ക്കെതിരേ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹരജികളിലാണ് ഗവര്‍ണര്‍മാര്‍ക്കും അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനുമെതിരേ പരമോന്നത നീതിപീഠം തുറന്നടിച്ചിരിക്കുന്നതെന്നും പി ആര്‍ സിയാദ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ, സംസ്ഥാന സമിതിയംഗങ്ങളായ ഡോ: സി.എച്ച് അഷ്റഫ്, ടി.നാസർ സംസാരിച്ചു. മഹറൂഫ് അഞ്ചുകുന്ന് സ്വാഗതവും വി.സുലൈമാൻ നന്ദിയും പറഞ്ഞു.
Leave a Reply