May 9, 2026

ലോക്സഭാ തെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം പാലിക്കണം: ജാതി-മത വികാരം വ്രണപ്പെടുത്തുന്ന പ്രചാരണം പാടില്ല; ജില്ലയില്‍ 14.29 ലക്ഷം സമ്മതിദായകര്‍

0
Img 20240319 174831jvqpesi
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയപാര്‍ട്ടികളും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജാതി-മത വികാരം വ്രണപ്പെടുത്തുന്ന രീതിയിലും സ്ഥാനാര്‍ത്ഥികള്‍, വ്യക്തികള്‍ എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണം പാടില്ല.

 

വ്യക്തികള്‍, സമൂഹത്തിന്റെ അന്ത:സത്ത എന്നിവക്ക് യോജിക്കാത്ത തരത്തിലുള്ള പ്രചാരണം ശ്രദ്ധയില്‍പ്പെട്ടാല്‍ 1951- ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍, ബാനര്‍ എന്നിവ പതിപ്പിക്കരുത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അവരുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റര്‍, ബാനര്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാം.

 

പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ പൊതു പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ കുറിച്ച് വിമര്‍ശിക്കരുത്. ജാതി-മതം വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടഭ്യര്‍ത്ഥിക്കരുത്. പണം, മദ്യം മറ്റു പാരിതോഷികങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. സമ്മതിദായകരെ തെറ്റിദ്ധരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തെറ്റായ പ്രസ്താവന നടത്തരുത്. ക്ഷേത്രങ്ങള്‍, മസ്ജിദുകള്‍, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.

 

സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുത്. എതിരാളികളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പാടില്ല. പൊതുജനങ്ങള്‍ക്ക് താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന വോട്ടര്‍ പട്ടിക പരിശോധിക്കാം. അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം.

 

2024 മാര്‍ച്ചില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. പ്രചരണ വാഹനങ്ങളില്‍ രാവിലെ ആറിന് മുന്‍പും രാത്രി 10 ന് ശേഷവും ലൗഡ് സ്പീക്കര്‍ ഉപയോഗം പാടില്ല. മറ്റു സമയങ്ങളിലെ ലൗഡ് സ്പീക്കര്‍ ഉപയോഗത്തിന് പോലീസിന്റെ അനുമതി വാങ്ങണം. പ്രചരണ വാഹനങ്ങളുടെ വിവരങ്ങള്‍ അതത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. പ്രചാരണ പരിപാടികളില്‍ കുട്ടികള്‍, മൃഗങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *