May 22, 2024

ഇന്ന് ലോക തൊഴിലാളി ദിനം

0
Img 20240501 112630

കൽപ്പറ്റ: തൊഴിൽ സമയം എട്ടു മണിക്കൂറായി പോരാട്ടത്തിലൂടെ നേടിയെടുത്തതിന്‍റെ ഓർമ്മയ്ക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്‍റെ ഓർമ പുതുക്കുകയാണ് ലോകമെമ്പാടുമുള്ള തൊഴിലാളികൾ.

മെയ് ദിന ആശംസകളുമായി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. മുതലാളിത്ത വ്യവസ്ഥയിൽ അന്തർലീനമായ ചൂഷണവും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലും ഇല്ലാതാക്കി തുല്യതയിൽ പടുത്തുയർത്തിയ ഒരു പുത്തൻ സാമൂഹികക്രമം സാധ്യമാണെന്ന ഓർമപ്പെടുത്തലാണ് ഏതൊരു മെയ് ദിനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലോകമെങ്ങും അലയടിച്ചുയർന്ന സമര പ്രസ്ഥാനങ്ങളുടെ പ്രോജ്വല സ്മരണ പുതുക്കാനുള്ള അവസരം കൂടിയാണ് ഈ ദിവസം. ചൂഷണങ്ങൾക്കെതിരെ സംഘടിക്കാനും അവകാശ സമരങ്ങൾ നയിക്കാനുമുള്ള തൊഴിലാളി വർഗത്തിന്‍റെ പരിശ്രമങ്ങൾക്ക് നാനാവിധമായ വെല്ലുവിളികൾ നേരിടുന്ന കാലമാണിതെന്നും മെയ്ദിനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വിപണികേന്ദ്രിതമായ മത്സരം പ്രോത്സാഹിപ്പിക്കുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതം ദുസ്സഹമാക്കുകയാണ്. ഇതിനെതിരെ ജനകീയ മുന്നേറ്റങ്ങളുയരുമ്പോൾ വംശീയതയും മതവും പറഞ്ഞ് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ് തീവ്ര വലതുപക്ഷ ശക്തികൾ. ഈ വിഷലിപ്ത നീക്കങ്ങളെ തുറന്നുകാട്ടി പ്രതിരോധിച്ചുകൊണ്ടേ ചൂഷണങ്ങൾക്കെതിരെ വിശാലമായ ഒരു ജനകീയ മുന്നണി രൂപീകരിക്കാൻ സാധിക്കുകയുള്ളൂ.

വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമർത്തലുകൾക്കുമപ്പുറം അടിയുറച്ച വർഗ ബോധത്തിലധിഷ്ഠിതമായ ഒരു സമര പ്രസ്ഥാനം ഉയർന്നുവരിക തന്നെ ചെയ്യും. ആ മുന്നേറ്റത്തിന്റെ പോരാട്ടവീറിൽ സമത്വത്തിലും സഹോദര്യത്തിലുമൂന്നിയ ഒരു പുത്തൻ ലോകം യാഥാർഥ്യമാവും. അതിനായി നാം ഒന്നിച്ചണിനിരക്കേണ്ടതുണ്ട്. നല്ല നാളേക്കായുള്ള പോരാട്ടങ്ങൾക്ക് ഈ മെയ് ദിനം കരുത്തുപകരും. എല്ലാവർക്കും മെയ് ദിനാശംസകൾ നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *