ചക്രവാതചുഴി: അതിശക്ത മഴ തുടരും, ജാഗ്രതാ നിർദ്ദേശം: മെയ് 31 ഓടെ കാലവർഷം എത്താൻ സാധ്യത
കൽപ്പറ്റ: കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യത. തുടർന്ന് മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടു. മറ്റൊരു ന്യുനമർദ്ദ പാത്തി മറാത്തുവാഡയിൽ നിന്ന് തെക്കൻ തമിഴ്നാട് വഴി ചക്രവാത ചുഴിയിലേക്കു നീണ്ടുനിൽക്കുന്നുണ്ട്.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 6 -7 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്19, 20, 21 തീയതികളിൽ അതിതീവ്ര മഴയ്ക്കും, മെയ് 19 മുതൽ 22 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും, സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മെയ് 22 ഓടെ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ച് മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യയുണ്ട്. അതെസമയം, ഇന്ന് വിവിധ ജില്ലകളിൽ റെഡ് ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നുണ്ട്.
കാലവർഷം ഇന്ന് ആൻഡമാനിൽ എത്തിച്ചേരുമെന്നാണ് പ്രവചനം. തുടക്കത്തിൽ വൈകുന്നേരങ്ങളിലും രാത്രിയിലും സജീവമാകുന്ന മഴ, അറബികടലിൽ പടിഞ്ഞാറൻ കാറ്റ് അനുകൂലമാകുന്നത്തോടെ പകൽ സമയങ്ങളിലും ലഭിച്ചു തുടങ്ങും. മലയോര മേഖലകളിൽ മഴ കനക്കാനാണ് സാധ്യത. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ദുരന്ത സാധ്യതയുള്ള മേഖലകളിൽനിന്ന് നിന്ന് ആവശ്യമെങ്കിൽ ജനങ്ങൾ മാറി താമസിക്കാൻ തയ്യാറാകണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. കേരള – തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം.





Leave a Reply