തുറക്കാൻ ദിവസങ്ങൾ മാത്രം: സ്കൂളുകളിൽ ഒരുക്കങ്ങൾ തകൃതി
മാനന്തവാടി: നവാഗതരുൾപ്പെടെയുള്ള വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി സ്കൂളുകൾ. തുറക്കാൻ ദിവസങ്ങൾമാത്രമേ ബാക്കിയുള്ളുവെന്നിരിക്കെ മിക്ക സ്കൂളുകളിലും ഒരുക്കങ്ങൾ തകൃതിയാണ്. സ്കൂളിലെ അറ്റകുറ്റപ്പണികളും ശുചീകരണപ്രവർത്തനങ്ങളും വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ. യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിലും ജില്ലയിലെ വിവിധ പൊതുവിദ്യാലയങ്ങൾ ശുചീകരിച്ചിരുന്നു.
അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ. കമ്മിറ്റി, കുടുംബശ്രീ, ബി.ആർ.സി. ഉൾപ്പെടെയുള്ളവർ കൈകോർത്താണ് സ്കൂളുകളിൽ ശുചീകരണപ്രവർത്തികളും അറ്റകുറ്റപ്പണികളും നടത്തുന്നത്. ക്ലാസ് മുറികൾ കഴുകിവൃത്തിയാക്കൽ, വാട്ടർ ടാങ്ക് വൃത്തിയാക്കൽ, പരിസരങ്ങളിലെ കാട് വെട്ടിത്തെളിക്കൽ, അപകടകരമായ മരക്കൊമ്പുകൾ വെട്ടിമാറ്റൽ, ക്ലാസ് റൂം പെയിന്റിങ് തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കുടിവെള്ളമുൾപ്പെടെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നുമുണ്ട്.
മാനന്തവാടി ഗവ. യു.പി. സ്കൂൾ തിങ്കളാഴ്ച ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. നൂറിലധികം പേരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. ശുചീകരണ പ്രവൃത്തി പി.ടി.എ. പ്രസിഡൻ്റ് എ.കെ. റൈഷാദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.ജി. ജോൺസൺ, ബി.പി.സി. കെ.കെ. സുരേഷ്, വത്സ മാർട്ടിൻ, ഡോളി രഞ്ജിത്ത്, അൻഷാദ് മാട്ടുമ്മൽ, എ. അജയകുമാർ, പി.പി. ബീന തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply