പെന്‍ഷന്‍ മസ്റ്ററിംഗ് എല്ലാ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കും അനുവദിക്കണം; ഐ.ഡി.പി.ഡബ്യു.ഒ.എ
കല്‍പ്പറ്റ: 2024 വര്‍ഷത്തെ പെന്‍ഷന്‍ മസ്റ്ററിംഗ് നിലവിൽ ആരംഭിച്ചിരിക്കുകയാണ്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗ് സേവനം അക്ഷയയ്ക്കു മാത്രമായി പരിമിതപ്പെടുത്തുമ്പോള്‍ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 60 -70 വയസ്സിനു മുകളില്‍ പ്രായമായ വയോധികർ ഉള്‍പ്പെടെയുള്ളവര്‍ പൊരിവെയിലിലും പെരുമഴയത്തും അക്ഷയ സെന്ററുകള്‍ക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരികയും, ചില അക്ഷയകള്‍ ഒന്നാം നിലയിലോ രണ്ടാം നിലയിലോ പ്രവര്‍ത്തിക്കുന്നത് മൂലം സ്റ്റെപ്പ് കയറി ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കാന്‍ വലിയ പ്രയാസങ്ങളും അനുഭവിക്കുന്ന സാഹചര്യമുണ്ട്.
ആയതിനാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളിലും സിഎസി സെന്ററുകളിലും അക്ഷയക്കെന്നപോലെ പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യുവാനുള്ള അനുമതി നല്‍കുകയാണെങ്കില്‍ ഇന്ന് അനുഭവിക്കുന്ന തിക്കും തിരക്കും ഒഴിവാക്കുന്ന രീതിയിലും വളരെ സമയബന്ധിതമായി മസ്റ്ററിംഗ് പൂര്‍ത്തീകരിക്കുന്ന രീതിയിലും കിടപ്പ് രോഗികള്‍ക്ക് പോലും കൃത്യമായി മസ്റ്ററിംഗ് നടത്തിയെടുക്കാന്‍ കഴിയും. ആയതിനാല്‍ മേല്‍ പറഞ്ഞ വിഷയങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ പറയുന്ന നിബന്ധനകള്‍ക്ക് അനുസരിച്ച് പെന്‍ഷന്‍ മസ്റ്ററിംഗ് സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കും അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഐ.ഡി.പി.ഡബ്ല്യു. ഓ. എ വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജൂലായ് 13, 14 തീയ്യതികളില്‍ തൃശ്ശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ നൂറ് പ്രതിനിധികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് കെ.ബി. രാജു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി ടി. മമ്മൂട്ടി ദ്വാരക, ജിതിന്‍ വി. ഗോപി, ബേബി നാപ്പള്ളി, എ. റഹിയാനത്ത്, എം.എ. സതി തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply