September 22, 2026

വയനാട് മെഡിക്കൽ കോളേജിൽ ടോക്കൺ സൗകര്യമില്ല

0
Img 20240712 Wa00862
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്ന രോഗികൾ മണിക്കൂറുകളോളം ക്യൂവില്‍ കാത്തു നിൽക്കേണ്ട ഗതികേടിലാണ്. പകര്‍ച്ച പനികള്‍ വ്യാപിച്ചതോടെ ഓ.പി ചീട്ടെടുക്കുന്നത് മുതല്‍ മരുന്നു വാങ്ങിക്കുന്നത് വരെ നീണ്ട ക്യൂവാണ് ഇപ്പോള്‍ രോഗികള്‍ക്ക്‌ രോഗത്തേക്കാളേറെ ദുരിതമാകുന്നത്. ഇവിടങ്ങളിലൊന്നും ടോക്കൺ സൗകര്യമേര്‍പ്പെടുത്താതും രോഗികള്‍ക്ക് ദുരിതമാകുന്നു.

 

ദിനംപ്രതി ആയിരക്കണക്കിന് രോഗികളാണ് വയനാട് മെഡിക്കല്‍ കോളേജിലെ ഓ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നത്. ഇവരില്‍ പ്രായമായവർ മുതൽ കൈക്കുഞ്ഞുമായെത്തുന്ന അമ്മമാര്‍ വരെയുണ്ട്. ഓ.പി ചീട്ടെടുക്കാനുള്ള ക്യൂവില്‍ നില്‍ക്കുന്നത് മുതല്‍ ആരംഭിക്കും ഇവരുടെ ദുരിതം. നീണ്ട ക്യൂവിനൊടുവില്‍ ഓ.പി ചീട്ട് കിട്ടിക്കഴിഞ്ഞാല്‍ അടുത്ത ഊഴം ഡോക്ടറുടെ മുറിക്ക് മുമ്പിലാണ്. കൈക്കുഞ്ഞുമായി വരുന്നവരും വാര്‍ദ്ധക്യ സഹജമായ അസുഖവുമായി വരുന്നവരും ക്യൂവില്‍ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് പരിശോധനക്കായി ഡോക്ടറുടെ മുന്നിലെത്തുന്നത്.

 

പരിശോധനക്ക് ശേഷം മരുന്നിനുള്ള ചീട്ട് ലഭിച്ചാല്‍ ഫാര്‍മസിക്ക് മുമ്പിലും മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കണം. ഇടുങ്ങിയ ഇടവഴയിലാണ് ഫാര്‍മസി സൗകര്യമുള്ളത്. അവശത അനുഭവപ്പെടുന്നര്‍വർക്ക്‌ ഇരിക്കാനാവശ്യമായ ഇരിപ്പിടം പോലുമില്ല. ചുരുക്കത്തില്‍ പനിപിടിപെട്ട് മെഡിക്കല്‍ കോളേജിലെത്തിയാലും മരുന്ന് വാങ്ങി പുറത്തിറങ്ങണമെങ്കില്‍ മണിക്കൂറുകള്‍ ക്യൂവില്‍ നിന്നേ മതിയാവൂ.

 

താലൂക്ക് സി.എച്ച്.സികളില്‍ പോലും ടോക്കണ്‍ സമ്പ്രദായമേര്‍പ്പെടുത്തുമ്പോഴാണ് മെഡിക്കല്‍ കോളേജില്‍ മാത്രം ഇത്തരം സംവിധാനമേര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവാത്തത്. ടോക്കണ്‍ സമ്പ്രദായമാക്കിയാല്‍ രോഗികള്‍ക്ക്‌ മണിക്കൂറുകളോളമുള്ള കാത്തുനില്‍പ്പ് ഒഴിവാക്കാൻ കഴിയും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *