പുനരധിവാസത്തില്‍ ഒതുങ്ങില്ല തൊഴില്‍ ഉറപ്പാക്കും -മന്ത്രി കെ.രാജന്‍
കൽപ്പറ്റ : മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് പുനരധിവാസം മാത്രമല്ല സമയോചിതമായി തൊഴിലും ഉറപ്പാക്കുമെന്ന് റവന്യവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ച ശേഷം ചൂരല്‍മല ബെയ്ലി പാലത്തിന് സമീപം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളില്‍ നിന്നും താല്‍ക്കാലിക വാസസ്ഥലങ്ങളിലേക്ക് മാറ്റപ്പെടുന്നവര്‍ ഒറ്റപ്പെടുന്നുവെന്ന തോന്നലുകള്‍ വേണ്ട. ഇവര്‍ക്കായി എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ളതെല്ലാം ഇനിയും നല്‍കും. ദുരന്തത്തെ തുടര്‍ന്ന് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഏറെയുണ്ട്. ഇവരെയെല്ലാം ചേര്‍ത്തുപിടിക്കും. തൊഴില്‍ പുനക്രമീകരിച്ച് ദുരിതബാധിതരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൈപിടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ പഠനത്തിനുള്ള സൗകര്യം മേപ്പാടിയിലെ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത് തന്നെ ഇവിടെ ക്ലാസ്സുകള്‍ തുടങ്ങാനാകും. ജില്ലാ പഞ്ചായത്ത് സ്‌കൂളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും മന്ത്രിയോടൊപ്പം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുണ്ടായിരുന്നു
Leave a Reply