October 10, 2024

വയനാട് പോലീസിന് ‘ഒപ്പം ചിരിച്ച്’ വിദ്യാര്‍ത്ഥികള്‍

0
Img 20240827 200831

മേപ്പാടി: ദിവസങ്ങളായി സ്‌കൂളിന് മുന്നിലൂടെയും നാട്ടിലൂടെയും ചീറി പാഞ്ഞിരുന്ന ആംബുലന്‍സുകളുടെ ശബ്ദം, നേരിട്ടും വാര്‍ത്തകളിലൂടെയുമറിഞ്ഞ സഹജീവികളുടെയും കൂട്ടുകാരുടെയും നൊമ്പരപ്പെടുത്തുന്ന സങ്കടകഥകള്‍, സ്‌കൂളിലെ ക്ലാസ് മുറികളില്‍ മുഴുവനും അലയടിച്ചിരുന്ന ഉറ്റവരെയും നാടിനെയും വീടിനെയും നഷ്ടപ്പെട്ടിരിക്കുന്നവരുടെ സങ്കടകടല്‍.

ശ്വാസമടക്കി പിടിച്ച് ഇതുവരെ അനുഭവിച്ച വിഷമതകളെയെല്ലാം ബലൂണുകളിലേക്ക് നിറക്കുന്നതായി സങ്കല്‍പ്പിച്ച് മേപ്പാടി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ ബലൂണുകള്‍ ഊതി വീര്‍പ്പിച്ചു തുടങ്ങി. അവരുടെ സങ്കടങ്ങളും പ്രശ്‌നങ്ങളും മാനസിക ബുദ്ധിമുട്ടുകളുമെല്ലാം നിറഞ്ഞ ബലൂണുകളെ അവര്‍ തട്ടികളിച്ചു, പിന്നെ മത്സരിച്ച് പൊട്ടിച്ചു.

ശബ്ദങ്ങളോടെ അവ പൊട്ടിയപ്പോള്‍ ക്ലാസ് മുറികളിലാകെ പൊട്ടിച്ചിരികളുയര്‍ന്നു. 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥികളുടെ കളിചിരികളുയര്‍ന്നത്. അതുവരെ സ്‌കൂളില്‍ തളം കെട്ടി നിന്ന സങ്കടങ്ങളെ അവര്‍ ക്ലാസ് മുറികളുടെ പുറത്തേക്ക് പായിച്ചു.

വയനാട് പോലീസിന്റെ ‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായി ജി.എച്ച്.എസ്.എസ് മേപ്പാടിയിലെത്തിയ പോലീസ് സംഘമാണ് വിവിധ ഗെയിമുകളും കലാപരിപാടികളുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നത്. പോലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അടങ്ങുന്ന സംഘത്തെ വിദ്യാര്‍ത്ഥികള്‍ സന്തോഷത്തോടെയാണ് യാത്രയാക്കിയത്.

പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച നാല് കുടുംബങ്ങളെ സന്ദര്‍ശിച്ച് കൗണ്‍സിലിങ് നടത്തി. നാല് ദിവസങ്ങളായി ഇതുവരെ 68 കുടുംബങ്ങളെയാണ് അവര്‍ താമസിക്കുന്ന വീടുകളിലെത്തി മാനസിക പിന്തുണ നല്‍കിയത്.

വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം അഡീഷണല്‍ എസ്.പിയും സോഷ്യല്‍ പോലീസിന്റെ ഡി ക്യാപ്പ് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസറുമായ വിനോദ് പിള്ള, ഡി ക്യാപ്പ് പദ്ധതിയുടെ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, വിവിധ ജില്ലകളിലെ ഡി.സി.ആര്‍.സി, ഡി- ഡാഡ് പദ്ധതിയുടെ കീഴിലുള്ള കൗണ്‍സിലേഴ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *