‘ഒപ്പം ചിരിക്കാം’ ആദ്യ ഘട്ടം അവസാനിച്ചു: പല വഴി ചിതറി പോയവരെ ചേര്‍ത്ത് പിടിച്ച് വയനാട് പോലീസ്
കല്‍പ്പറ്റ: ഇരുള്‍ നിറഞ്ഞ ഒരു രാത്രി നല്‍കിയ ദുരിതങ്ങളും സങ്കടങ്ങളും വേദനകളും പങ്കുവെക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലായിരുന്ന പല വീടുകളും നിശബ്ദമായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പല വഴി ചിതറിയ കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കാനെത്തിയ സൈക്കോളജിസ്റ്റുകളുടെയും കൗണ്‍സിലര്‍മാരുടെയും പോലീസുകാരുടെയും മുമ്പില്‍ അവരുടെ സങ്കടങ്ങള്‍ പെയ്തു.
ഒരുപാട് സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഐക്യത്തോടെയും കഴിഞ്ഞ കുടുംബങ്ങള്‍ പല വഴിക്കായതിന്റെയും, ഉറ്റവരും അയല്‍വാസികളും സുഹൃത്തുക്കളും നഷ്ടമായതിന്റെയും വേദനയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് പോലീസ് സംഘത്തിന്റെ സന്ദര്‍ശനം ആശ്വാസമായി.
ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികർക്കും വിവിധ പോലീസ് ജില്ലകളില്‍ നിന്ന് വന്ന സൈക്കോളജിസ്റ്റുകളും കൗണ്‍സിലര്‍മാര്‍മാരുടെയും നേതൃത്വത്തില്‍ കൗണ്‍സിലിങ്ങ് നല്‍കി. പലരും അവരെ കെട്ടിപിടിച്ച് ദു:ഖങ്ങള്‍ പങ്കുവെച്ചു. മക്കളോ, മാതാപിതാക്കളോ, സഹോദരങ്ങളോ മരിച്ചതിന്റെ ദു:ഖത്തില്‍ മരവിച്ച അവസ്ഥയില്‍ കഴിയുന്നവര്‍ കൗണ്‍സിലിങ്ങിന് ശേഷം ഉറക്കെ കരഞ്ഞു. ചങ്കില്‍ കെട്ടികിടക്കുന്ന ദു:ഖം അവര്‍ പെയ്‌തൊഴിച്ചു.
ഉള്ളുപൊട്ടി നിന്ന സങ്കടങ്ങള്‍ പെയ്തുതോര്‍ന്നപ്പോള്‍ സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റുകളുടെ കുസൃതി നിറഞ്ഞ തമാശകള്‍ക്ക് നേരെ അവര്‍ സൗമ്യമായി പുഞ്ചിരിച്ചു തുടങ്ങി. ഫോണ്‍ നമ്പര്‍ വാങ്ങി സങ്കടങ്ങള്‍ വരുമ്പോള്‍ വിളിക്കുമെന്ന് പറഞ്ഞും, വീണ്ടും വീട്ടില്‍ വരണമെന്നാവശ്യപ്പെട്ടുമാണ് കുടുംബങ്ങള്‍ പോലീസ് സംഘത്തെ യാത്രയാക്കിയത്. അവരുടെ ആവശ്യം കണ്ടറിഞ്ഞ് അത്യാവാശ്യ സാധനങ്ങള്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നല്‍കാനും പോലീസ് സംഘം മറന്നില്ല.
മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനുശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ബന്ധുവീടുകളിലും, മറ്റു വാടകവീടുകളിലും താമസിക്കുന്ന കുടുംബങ്ങളെ സന്ദര്‍ശിച്ചാണ് പോലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും സ്റ്റുഡന്റ് പോലീസുമടങ്ങുന്ന സംഘം ആശ്വാസമേകിയത്. വയനാട് പോലീസിന്റെ ‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായാണ് എട്ടു ദിവസത്തിനുള്ളില്‍ 177 കുടുംബങ്ങള്‍ സന്ദര്‍ശിച്ചത്.
ശനിയാഴ്ചയോടെ പദ്ധതിയുടെ ആദ്യ ഘട്ടം അവസാനിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം അഡീഷണല്‍ എസ്.പിയും സോഷ്യല്‍ പോലീസിന്റെ ഡി ക്യാപ്പ് പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫിസറുമായ വിനോദ് പിള്ള, പദ്ധതിയുടെ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, ഡി ക്യാപ്പ് പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, വിവിധ ജില്ലകളിലെ ഡി.സി.ആര്‍.സി, ഡി- ഡാഡ് പദ്ധതിയുടെ കീഴിലുള്ള കൗണ്‍സിലേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
സൈക്കോളജിസ്റ്റുകളും കൗണ്‍സിലര്‍മാര്‍മാരുമായ സംഗീത എം.ആര്‍(വയനാട്), അനില വി. അബ്രഹാം(വയനാട്), ക്ലാഡറ്റ് ലാമ്പര്‍ട്ട്(കൊല്ലം സിറ്റി), ആര്‍. രാധിക(കൊല്ലം റൂറല്‍), ജി. ശ്രീവിദ്യ(ആലപ്പുഴ), സിസ്റ്റര്‍ പ്രവീണ(എറണാംകുളം സിറ്റി), സിസ്റ്റര്‍ ക്ലാരിസ്(ഇടുക്കി), എന്‍. സുധീഷ്ണ(കണ്ണൂര്‍ സിറ്റി), കെ.കെ. തേജസ്വിനി(കണ്ണൂര്‍ സിറ്റി), ടി. അന്‍വര്‍ അലി (മലപ്പുറം സി ബ്രാഞ്ച്) എന്നിവര്‍ക്ക് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
തുടര്‍ന്നും കൗണ്‍സിലിങ് ആവശ്യമുള്ളവരുണ്ടെന്നും അവര്‍ക്കായി പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ മാനസിക പിന്തുണ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Leave a Reply