ദുരന്ത മുഖത്ത് നിന്നും രക്ഷപ്പെട്ടവർക്ക് പാർപ്പിടവും ഭക്ഷണവുമൊരുക്കി ഉസ്മാൻ മദാരി
കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിയിൽ നടന്ന പ്രകൃതി ദുരന്തത്തിൽ ഭാഗ്യം കൊണ്ടും തലനാരിഴക്ക് രക്ഷപ്പെട്ടവർക്കും ഭക്ഷണവും പാർപ്പിടവുമൊരുക്കുന്ന തിരക്കിലാണ് ഹണി മ്യൂസിയം ഫൗണ്ടറും പഴയ വൈത്തിരി സ്വദേശിയുമായ ഉസ്മാൻ മദാരി. ദുരന്ത ഭൂമിയിൽ പണമായിട്ടും ഭക്ഷണമായിട്ടും നിരവധി സഹായങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. ചൂരൽ മല, മുണ്ടക്കൈ നിവാസികൾക്ക് ആശ്വാസകരമാണ്. രക്ഷപ്പെട്ടവർക്കും, ബന്ധുക്കൾക്കും, ദുരന്ത മേഖലയിലെ മറ്റു നിവാസികൾക്കും തല്ക്കാലം വേണ്ടത് പാർപ്പിടവും ഭക്ഷണവുമാണ് എന്നതും വലിയൊരു യഥാർഥ്യമാണ്. ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ മുഹമ്മദലിയുടെ ഒന്നര വയസ്സുള്ള മകളുടെ രണ്ടു ഇരട്ട കുട്ടികൾ അടക്കം ഒൻപതു പേരടങ്ങുന്ന കുടുംബത്തിനാണു ഉസ്മാൻ മദാരി ഒരാഴ്ചയോളം തന്റെ വൈത്തിരിയിലെ സ്വന്തം വീട്ടിൽ അഭയമൊരുക്കിയത്. അതിനു ശേഷം വൈത്തിരിയിൽ നരിക്കോട് മുക്കിലുള്ള മറ്റൊരു വീട്ടിലേക്ക് അവരെ എല്ലാ സൗകര്യങ്ങളോടും കൂടി മാറ്റി താമസിപ്പിച്ചു. ദുരന്തം വിതച്ച നഷ്ട്ടങ്ങൾ മറ്റു കുടുംബങ്ങളെ പോലെ തന്നെ ഇവർക്കും വളരെ വലുതാണ്. ദുരന്തത്തിന്റെ വ്യാപ്തിയും, തങ്ങൾ അനുഭവിച്ചതും അനുഭവിക്കുന്നതുമായ മാനസിക സംഘർഷങ്ങളും പങ്കു വെക്കുകയാണ് മുണ്ടക്കൈ സ്വദേശി മുഹമ്മദലി.
വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുണ്ടക്കൈയിൽ 2024 ജൂലൈ 30ന് പുലർച്ചയുണ്ടായ ഉരുൾ പൊട്ടൽ ഏകദേശം 400 ൽ പരം ആളുകളുടെ ജീവനെടുത്ത കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറി. ഗ്രാമത്തിന് മുകൾ വശത്തായി ഇരുവഴിഞ്ഞി പുഴയുടെ പ്രഭവ സ്ഥാനത്ത് ശക്തമായ ഉരുൾപൊട്ടലുണ്ടാവുകയും മലവെള്ളപ്പാച്ചിലിൽ കള്ളാടിപ്പുഴക്കു കുറുകെ മുണ്ടക്കൈയും ചൂരൽമലയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോവുകയും ചെയ്തു. അതോടെ അട്ടമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങളുടെ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെടുകയും ചെയ്തു. ശക്തമായ ഒഴുക്കിൽ പുഴ ദിശമാറി ഒഴുകുകയും ചൂരൽമല അങ്ങാടി മുഴുവനായും ഒലിച്ചുപോകുകയും ചെയ്തു. ഇവിടെ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട കഥയാണ് മുണ്ടക്കൈ സ്വദേശി മുഹമ്മദലിക്ക് പറയാനുള്ളത്.
ദിവസങ്ങളായി പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴ ജൂലൈ 30 നും അതി ശക്തമായി തന്നെ പെയ്യുകയാണ്. തലേ ദിവസം ഒരു മുന്നറിയിപ്പെന്നോണം പഞ്ചായത്ത് അധികൃതർ മാറി താമസിക്കാനുള്ള നിർദേശം നൽകിയെങ്കിലും നിർബന്ധമായി മാറാൻ ആരും തന്നെ പറഞ്ഞതുമില്ല എന്നാണ് മുഹമ്മദലി പറയുന്നത്. മഴ ശക്തമായപ്പോൾ വയനാടിന്റെ പല ഭാഗങ്ങളിലും ഈ മുന്നറിയിപ്പ് കൊടുത്തിരുന്നു എങ്കിലും ഒന്നും തന്നെ ശക്തമായ മുന്നറിയിപ്പ് ആയിരുന്നില്ല. മാറ്റി താമസിപ്പിക്കാനുള്ള സുരക്ഷ സംവിധാനങ്ങളും സജ്ജമായിരുന്നില്ല. ജൂലൈ 30 നും എങ്ങോട്ട് പോവണം എന്നറിയാതെ നിന്നവരായിരുന്നു ചൂരൽ മല, മുണ്ടക്കൈയിൽ മരിച്ചവരും രക്ഷപ്പെട്ടവരും. ഒരു പക്ഷെ ആ ഭാഗത്തുള്ളവരെ ജില്ലാ ഭരണകൂടം നിർബന്ധിച്ച് ഒഴിപ്പിക്കുകയും സുരക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നെങ്കിൽ ദുരന്തത്തിൽ മരണ സംഖ്യ കുറയുമായിരുന്നു എന്നാണ് മുഹമ്മദലി പറയുന്നത്.
കുട്ടികളും മുതിർന്നവരുമടക്കം ഒൻപതു പേരടങ്ങുന്ന കുടുംബമാണ് മുഹമ്മടലിയുടേത്. 16 വർഷത്തെ പ്രവാസ ജീവിതത്തിന്റെ ആകെ തുകയാണ് മുഹമ്മദലിയുടെ വീടും താമസിച്ച സ്ഥലവും. പ്രവാസ ജീവിതം അവസാനിപ്പിച്ച് മുണ്ടക്കൈയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു മുഹമ്മദലി. തന്റെ വീടിന്റെ തൊട്ടു താഴെ മുഹമ്മദലിയുടെ ജേഷ്ഠനും കുടുംബവും താമസിക്കുന്നുണ്ട്. തൊട്ടടുത്തു തന്നെ മുഹമ്മദലിയുടെ ഭാര്യ പിതാവ് കുഞ്ഞിമുഹമ്മദിന്റെ അനിയനും കുടുംബവുമുണ്ട്. മുഹമ്മദലിയുടെ കുടുംബം ഒഴികെ മറ്റെല്ലാവരും ഈ നിമിഷം ഓർമ്മകൾ മാത്രമാണ്. അവരെല്ലാം കാപ്പം കൊല്ലിയിലെ ജുമാ മസ്ജിദിന്റെ ഖബർ സ്ഥാനിൽ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്നറിയാതെ അന്ത്യ വിശ്രമം കൊള്ളുകയാണ് .
ജൂലൈ 30 ന് പകൽ സമയത്ത് മഴ ശക്തിയായി തുടങ്ങിയപ്പോൾ മുഹമ്മദലിയുടെ മകൾ ബാപ്പയോട് പറഞ്ഞു നമുക്ക് തല്ക്കാലം ഇവിടെ നിന്ന് ഒന്ന് മാറിയാലോ എന്ന്. മുഹമ്മദലി അതിനെ കാര്യമായി എടുത്തില്ല. കാരണം മുഹമ്മദലി മാത്രമല്ല ആരും തന്നെ ഇത്ര വലിയ ദുരന്തം പ്രതീക്ഷിക്കുന്നില്ല. ഉച്ച കഴിഞ്ഞപ്പോൾ മകൾ വീണ്ടും ബാപ്പയോട് ഇതേ കാര്യം പറഞ്ഞു. “കുട്ടികൾ ചെറുതാണ് ഒന്നര വയസ്സുള്ള മകളുടെ കുട്ടികളെ കൊണ്ട് രാത്രി പെട്ടെന്ന് മാറേണ്ടി വന്നാൽ കുട്ടികളെ എടുത്ത് പോകൽ ബുദ്ധിമുട്ടാണ്. തല്ക്കാലം നമുക്ക് മാറാം”. തീരെ താല്പര്യമില്ലാതിരുന്നിട്ടും മകളുടെ നിർബന്ധപ്രകാരം മുഹമ്മദലി തല്ക്കാലം നീലിക്കാപ്പിലെ തന്റെ ഭാര്യ വീട്ടിലേക്ക് താമസം മാറാനുള്ള ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞ ഉരുൾ പൊട്ടലിൽ നിരവധി ജീവനെടുത്ത പുത്തുമലയുടെയും നിലവിലെ ദുരന്ത ഭൂമിയായ ചൂരൽ മലയുടെയും ഇടയിലുള്ള പ്രദേശമാണ് നീലിക്കാപ്പ്. പുത്തുമലയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. മനുഷ്യ വാസമില്ലാത്ത പ്രദേശമാണ് ഇന്ന് പുത്തുമല. എന്തായാലും മകളുടെ നിരന്തരമായ അഭർത്ഥന പ്രകാരം മുഹമ്മദലിയും കുടുംബവും തന്റെ ഭാര്യ വീട്ടിലേക്ക് ജൂലൈ 30ന് തൽക്കാലം താമസം മാറി. നാളെ രാവിലെ തിരിച്ചു വരാനുള്ളതല്ലേ എന്നോർത്തു പോവുമ്പോൾ കാര്യമായി ഒന്നും എടുത്തില്ല. ജൂലൈ 30 ഒരു 3 മണിയോടെ മുഹമ്മദലിയും കുടുംബവും ഭാര്യ വീട്ടിലേക്ക് താമസം മാറി. മുഹമ്മദലിയുടെ മറ്റു കുടുംബങ്ങളൊന്നും തന്നെ അവിടെ നിന്ന് മാറിയതുമില്ല. അവർക്ക് പോകാൻ മറ്റൊരു സ്ഥലമില്ല എന്നതും മുഹമ്മദലി പറയുന്നു. ജൂലൈ 30 രാത്രിയും മഴ ശക്തമാവുകയാണ്. ആ രാത്രി നിശബ്ദമായിരുന്നില്ല. കാറ്റും മഴയും വലിയ ശബ്ദത്തോടെയുള്ള ഉരുൾ പൊട്ടലും പിന്നീടുള്ള നിലവിളികളുമെല്ലാം ചൂരൽ മല മുണ്ടക്കൈ പ്രദേശത്തെ പ്രകമ്പനം കൊള്ളിച്ചു. കലി തുള്ളി വന്ന മലവെള്ളം ഒരു പ്രദേശത്തിന്റെ നിരവധി ജീവനുകളും സ്വപ്നങ്ങളും മുഴുവൻ തുടച്ചു നീക്കി ചാലിയാർ പുഴയിലേക്കെത്തിച്ചത് ഞെട്ടാലോടെയാണ് മുഹമ്മദലി ഓർക്കുന്നത്. ആദ്യത്തെ പൊട്ടലിൽ രക്ഷപ്പെട്ട് വാർപ്പിന്റെ മുകളിൽ കയറി നിന്നവർ രണ്ടാമത്തെ പൊട്ടലിൽ ഒഴുകി ഒലിച്ചു പോകുകയായിരുന്നു. കാരണം ആ പ്രദേശത്തെ മുഴുവൻ വിഴുങ്ങാൻ പോന്ന മലവെള്ളമായിരുന്നു പിന്നെ വന്നത്. ആ മഴവെള്ളപ്പാച്ചിലിൽ വലിയ പാറകളും, കടപുഴകിയ വന്മരങ്ങളും സുനാമി പോലെ വന്ന വെള്ളവും ചെളിയും എല്ലാം ആ പ്രദേശത്തെ കവർന്നടുത്തപ്പോൾ അതിൽ അകപ്പെട്ട മനുഷ്യർ പുഴുവിനു സമാനമായിരുന്നു.
ആ രാത്രി തന്റെ ഭാര്യ വീട്ടിൽ നിന്ന് പരിസര പ്രദേശങ്ങളിൽ നിന്ന് എന്തൊക്കെയോ വലിയ ശബ്ദങ്ങൾ കേട്ടത് മുഹമ്മദലി ഓർക്കുന്നുണ്ട്. കുറച്ചു സമയങ്ങൾക്ക് ശേഷം തന്റെ വീട് അടക്കം എല്ലാം തന്നെ എന്നെന്നേക്കുമായി ഒലിച്ചു പോയി എന്ന യഥാർഥ്യവും മുഹമ്മദലി അറിഞ്ഞു. ദുരന്ത സ്ഥലത്തു പിറ്റേന്ന് പോയി നോക്കിയപ്പോൾ വീടുണ്ടായിരുന്ന സ്ഥലത്ത് വീടില്ല. മുൻപ് അവിടെ ഉണ്ടായിരുന്ന ഒന്നും അവിടെ ബാക്കിയില്ല. പകരം വലിയ മൺ കൂമ്പാരങ്ങൾ മാത്രം. അതിനേക്കാൾ കൂടുതൽ മുഹമ്മദലിയെ ചിന്തിചിപ്പിച്ചത് മകളുടെ നിർബന്ധപ്രകാരം മാറി താമസിക്കാനുള്ള തീരുമാനമാണ്. മകൾ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ……
അത് ആലോചിക്കാൻ പോലും മുഹമ്മദാലിക്ക് കഴിയുന്നില്ല. ദുരന്തത്തിൽ തന്റെ ഉറ്റ സുഹൃത്തായ കുഞ്ഞാൻ എന്ന് വിളിപ്പേരുള്ള അബ്ദുറഹ്മാന്റെ വിയോഗം വിങ്ങലോടെയാണ് മുഹമ്മദലി ഓർത്തെടുക്കുന്നത്.
ഈ നിമിഷം മുഹമ്മദലിയും കുടുംബവും സുരക്ഷിതരാണ്. വൈത്തിരിയിൽ മുഹമ്മദാലിക്കും കുടുംബത്തിനും വേണ്ട എല്ലാ സൗകര്യങ്ങളും ഉസ്മാൻ മദാരി ഒരുക്കിയിട്ടുണ്ട്. മുഹമ്മദാലിക്ക് ഒരുപാട് പറയാനുണ്ട്. ചൂരൽ മല, മുണ്ടക്കൈ മഹല്ലിലായി 800 ൽ പരം ആളുകൾ ആ പ്രദേശത്ത് ഉണ്ടെന്നാണ് മുഹമ്മദലി പറയുന്നത്. അതിൽ അന്യ സംസ്ഥാന തൊഴിലാളികൾ ഒരുപാടുണ്ടെന്നും മുഹമ്മദലി പറയുന്നു. ആ കണക്കുകളൊന്നും ഇന്ന് ലഭ്യമല്ല. അദ്ദേഹവും കുടുംബവും ഇപ്പോൾ സന്തോഷത്തിൽ തന്നെയാണ്. മുഹമ്മദലിയുടെ കുടുംബത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എല്ലാം കിട്ടിയിട്ടുണ്ട്. അവരെ കുറിച്ച് പറയുമ്പോൾ മുഹമ്മദലിയുടെ കണ്ണ് നിറയും. കേരളത്തിലെ പ്രധാനപ്പെട്ട വാർത്ത ചാനലുകളെല്ലാം ഈ കുടുംബത്തെ സന്ദർശിക്കാൻ വൈത്തിരിയിൽ വന്നു കൊണ്ടിരിക്കുകയാണ്. ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ടു പോയ കുടുംബങ്ങൾ ഒരുപാടുണ്ട്. ഇത് മുഹമ്മദലിയുടെ മാത്രം കഥയാണ്. ഇങ്ങനെ എത്രയോ മുഹമ്മദലിമാരുടെ കഥകൾ ഈ പ്രദേശത്തുണ്ട്. പുഞ്ചിരി മട്ടത്തിന്റെ പുഞ്ചിരി മാഞ്ഞെങ്കിലും സ്വന്തം കുടുംബത്തിന് പുതിയൊരു ജീവിതം സമ്മാനിച്ച സുമനസ്സുകളോട് നന്ദിയുണ്ട് മുഹമ്മദാലിക്ക്, കൂടെ ആ മാഞ്ഞ പുഞ്ചിരിയും. അവരിൽ ഒരാൾക്കെങ്കിലും പാർപ്പിടവും ഭക്ഷണവും ഒരുക്കാൻ കഴിഞ്ഞാൽ അതായിരിക്കും അവർക്കു വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. ഈ കുടുംബത്തിന് തണലേകിയ ഹണി മ്യൂസിയം ഫൗണ്ടർ കൂടിയായ ഉസ്മാൻ മദാരി ഇങ്ങനെയുള്ള സമീപ പ്രദേശങ്ങളിൽ അഭയാർഥികളായി വന്ന മറ്റു കുടുംബങ്ങൾക്കും താമസ സൗകര്യം ഒരുക്കുന്ന തിരക്കിലാണ്.
Leave a Reply