ദുരന്തമേഖലയിലെ ഉരുക്കള്‍ക്കുള്ള തീറ്റവസ്തുക്കള്‍ കൈമാറി
കൽപ്പറ്റ : ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്ത പ്രദേശത്തെ ഉരുക്കള്‍ക്കും അരുമ മൃഗങ്ങള്‍ക്കുമായി പാലക്കാട് ജില്ലയിലെ അരുവി ഫീഡ്‌സ് എത്തിച്ച തീറ്റവസ്തുക്കള്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ക്ക് കൈമാറി. എട്ട് മെട്രിക് ടണ്‍ സൈലേജ്, അഞ്ച് ടണ്‍ വൈക്കോല്‍, അരുമ മൃഗങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവർ നിര്‍വഹിച്ചു. ദുരന്തനിവാരണ ഘട്ടങ്ങളില്‍ മനുഷ്യരുടെ പുനരധിവാസം പോലെതന്നെ പ്രധാനപ്പെട്ട ഘടകമാണ് വളര്‍ത്ത് മൃഗങ്ങളുടെതെന്നും മന്ത്രി പറഞ്ഞു. ദുരന്ത പ്രദേശത്തെ മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ദുരിതമനുഭവിച്ചവര്‍ക്കായി ക്യാമ്പുകള്‍ ആരംഭിച്ചത് പോലെ ദുരന്തത്തിലകപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ക്കായി രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പുകള്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെൽ മുഖേന വിവിധ സംഘടനകള്‍ തീറ്റ വസ്തുക്കള്‍, ധാതുലവണ മിശ്രിതം എന്നിവ കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കുന്നുണ്ട്. കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി. മാത്യു, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എം നൗഷ, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ സി.എച്ച് സിനാജുദീന്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply