ദുരന്തബാധിതര്‍ക്കായി സൗജന്യ വസ്ത്രാലയം തുറന്നു; അതിജീവനത്തിനായി ടി സിദ്ധിഖ് എം എല്‍ എയുടെ ‘റീസ്റ്റോര്‍’
കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ക്യാമ്പുകളിലും, ബന്ധുവീടുകളിലും താമസിക്കുന്നവര്‍ക്കായി അഡ്വ. ടി സിദ്ധിഖ് എ എല്‍ എയുടെ നേതൃത്വത്തില്‍ സൗജന്യ ടെക്സ്റ്റൈല്‍ ഷോപ്പ് തുറന്നു. എം എല്‍ എ കെയറില്‍ ഉള്‍പ്പെടുത്തി അതിജീവനത്തിനായി ‘റീസ്റ്റോര്‍’ എന്ന പേരിലാണ് മേപ്പാടിയില്‍ വസ്ത്രാലയം ആരംഭിച്ചിരിക്കുന്നത്. നാലുനിലകളിലായി പ്രവര്‍ത്തിക്കുന്ന ആരംഭിച്ചിട്ടുള്ള വസ്ത്രാലയത്തില്‍ എല്ലാവിധ തുണിത്തരങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് ഇവിടെയെത്തി സമ്പൂര്‍ണമായും സൗജന്യമായി ഷോപ്പിംഗ് നടത്താം. തിരിച്ചറിയാനാകാത്ത ഭൗതികശരീരത്തിന്റെ അന്തിമകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എന്‍ എസ് എസ് വൈത്തിരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സുധാകരന്‍, ചൂരല്‍മല സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരി ഫാദര്‍ ജിബിന്‍ കട്ടുക്കളത്തില്‍, ഷംസുദ്ദീന്‍ റഹ്‌മാനി എന്നീ മൂന്ന് പേര്‍ ഒന്നിച്ചാണ് കടയുടെ ഉദ്ഘാടനം നടത്തിയത്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ക്യാമ്പുകളിലും, ബന്ധുവീടുകളിലും ഉള്ളതായിരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ മുഴുവന്‍ അവിടെ നിന്നും സൗജന്യമായി തെരഞ്ഞെടുത്ത് കൊണ്ടുപോകാം. വിവിധ വിഭാഗങ്ങളാണ് തുണികള്‍ തരംതിരിച്ചിരിക്കുന്നത്. കുട്ടികളുടേത്, പെണ്‍കുട്ടികളുടേത്, ആണ്‍കുട്ടികളുടേത്, പുരുഷന്മാരുടേത്, മുതിര്‍ന്നവരുടേത് എന്നിങ്ങനെ വിവിധ ഭാഗങ്ങളായാണ് വസ്ത്രങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ബ്രാന്‍ഡഡ് തുണികള്‍ ഉള്‍പ്പെടെ പുത്തന്‍ വസ്ത്രങ്ങളുടെ ഒരു വലിയ ശേഖരമാണ് റീസ്റ്റോറില്‍ ഒരുക്കിയിട്ടുള്ളത്. തുണികള്‍ കൂടിതെ കിടക്ക, ചെരുപ്പുകള്‍, കുട്ടികള്‍ക്ക് ആവശ്യമായ ഡയപ്പറുകള്‍ എല്ലാം ഇവിടെയുണ്ട്. അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ചുവടുവെപ്പായി മാറുമെന്നും ജനങ്ങളുടെ കൂട്ടായ്മയുടെ ഏറ്റവും മനോഹരമായ മുഖമാണ് റീസ്റ്റോര്‍ എന്നും അഡ്വ. ടി സിദ്ദിഖ് എം എല്‍എ പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകരുടേയും, പാര്‍ട്ടി സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് ഇത്തരമൊരു വസ്ത്രാലയം ഒരുക്കിയിട്ടുള്ളതെന്നും, കടയിലെ നിരവധിയായ വസ്ത്രങ്ങള്‍ പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് വരുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, റസാഖ് കല്‍പ്പറ്റ, പി പി ആലി, ഷമ മുഹമ്മദ്, ടി ഹംസ, ബി സുരേഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, റോയ്, അഷറഫ്, യൂനസ് മൗലവി, ഷൈക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ ഉസ്മാന്‍ ഹാജി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
Leave a Reply