September 17, 2024

പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കുന്നതിന് സമയപരിധി അനുവദിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20240819 103123

 

 

കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കുന്നതിന് 2024 ഓഗസ്റ്റ് 25 വരെ സമയപരിധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി.എസ്.സി സെക്രട്ടറി എന്നിവര്‍ക്ക് കത്ത് നല്‍കി.

ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠന സാമഗ്രികളും, പി.എസ്.സി ഉദ്യോഗാര്‍ഥികളായ നിരവധി പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, രജിസ്‌ട്രേഷന്‍ സംബന്ധമായ പാസ്‌വേഡും, മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരിക്കുകയാണ്. ആരെയെങ്കിലും ബന്ധപ്പെട്ട് പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ കഴിയാതെ തളര്‍ന്നിരിക്കുന്ന അവരുടെ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതിന് അപ്പുറത്താണ്. ചൂരല്‍മല, മുണ്ടകൈ മാത്രമല്ല, സമീപ സ്ഥലങ്ങളില്‍ നിന്ന് അന്നേദിവസം ഈ സ്ഥലങ്ങളിലേക്ക് പോയവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നഷ്ടമായിട്ടുണ്ട്.

 

 

സുസ്ഥിരമായ ഭാവിയ്ക്കായി ഏവരും സ്വപ്നം കാണുന്ന ഒന്നാണ് പി.എസ്.സി മുഖേനയുള്ള ജോലി. പ്രകൃതി ദുരന്തം ഏല്‍പിച്ച മാനസിക ആഘാതത്തില്‍ പതറി നില്‍ക്കെ നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്സ്.സി പരീക്ഷകള്‍ എഴുതുന്നതിന് നല്‍കേണ്ട ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ കഴിയാതെ പോയിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖേന മാത്രമേ നിലവില്‍ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ സാധിക്കുകയുള്ളു. അതുകാരണം അവര്‍ക്കെല്ലാം തന്നെ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായിരിക്കുകയാണ്.

 

 

 

05.10.2024 ന് നടക്കുന്ന എല്‍.ഡി.സി പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട അവസാന തീയതി 11.8.2024 ആയിരുന്നു. എന്നാല്‍ ഈ കാരണങ്ങളാല്‍ പലര്‍ക്കും കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ മൊബൈല്‍ ഫോണ്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വീണ്ടെടുക്കയോ, ഡൂപ്ലിക്കേറ്റ് സംഘടിപ്പിക്കാന്‍ കഴിയുകയോ ചെയ്താലേ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. പലരും എല്ലാം നഷ്ടപ്പെട്ട് ബന്ധു വീടുകളിലും, ക്യാമ്പുകളിലും, പരിക്ക് പറ്റിയവരെ പരിചരിക്കാന്‍ ദിവസങ്ങളോളം ആശുപത്രിയിലുമായിരുന്നു. സമീപ പ്രദേശത്തെ വലിയൊരു വിഭാഗം മറ്റെല്ലാ ആവശ്യങ്ങളും മാറ്റി നിര്‍ത്തി തിരച്ചില്‍ പ്രക്രിയയുടെയും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിട്ടുണ്ട്. പലര്‍ക്കും ഈ അവസരത്തില്‍ പരീക്ഷയുടെ കാര്യം തന്നെ ശ്രദ്ധിക്കാന്‍ കഴിയാതെ പോയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

 

ജില്ലയില്‍ സമീപകാലത്ത് ഉണ്ടായ ഉരുള്‍പൊട്ടലിന്റെ കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഈ ഒരു പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രകൃതി ദുരന്തത്തിന്റെ കെടുതിയില്‍ ഉഴലുന്ന വൈത്തിരി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രകൃതി ദുരന്തം ഉണ്ടായ ജൂലൈ 29 മുതല്‍ ആഗസ്ത് 15 വരെ കാലയളവില്‍ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട പി.എസ്.സി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ സമര്‍പ്പിക്കുന്നതിന് 10 ദിവസത്തെ കാലയളവ് കൂടി അനുവദിച്ച് 2024 ഓഗസ്റ്റ് 25 വരെ സമയപരിധി അനുവദിക്കുന്നതിന് സര്‍ക്കാര്‍ പി.എസ്സ്.സിക്ക് നിര്‍ദേശം നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *