ദുരന്ത ബാധിതരെ കേട്ട് ചീഫ് സെക്രട്ടറി
കൽപ്പറ്റ : കേരള സര്‍ക്കാറിന് വേണ്ടി ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തത്തിനിരയായവരെ നേരില്‍ കേട്ട് ചീഫ് സെക്രട്ടറിയും ജില്ലാ ഭരണ കൂടവും. താല്‍ക്കാലിക-സ്ഥിര പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടറിയാനാണ് ഡബ്ലുയു.എം.ഒ കോളേജില്‍ ദുരന്ത ബാധിതരെയും വിവിധ മത-രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടേയും വിപുലമായ യോഗം ചേര്‍ന്നത്. കുറ്റമറ്റ രീതിയില്‍ പരാതികള്‍ക്കിടയില്ലാത്ത വിധം ദുരന്തബാധിതര്‍ക്ക് ഗുണം ചെയ്യുന്ന, അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള പുനരധിവാസമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പുനരധിവാസം മാറ്റിപ്പാര്‍പ്പിക്കല്‍ മാത്രമായിട്ടല്ല സര്‍ക്കാര്‍ കാണുന്നത്. സുരക്ഷിതമായ താമസം, വിദ്യാഭ്യാസം, ആരോഗ്യം, ജീവിതോപാധി, മാനസിക പ്രയാസങ്ങളില്ലാത്ത സാമൂഹിക ചുറ്റുപാട്, വിനോദോപാധികള്‍, പൊതുവായ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി സര്‍വ്വതല സ്പര്‍ശിയായ പുനരധിവാസം കാലതാമസമില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. താല്‍ക്കാലികമായി പുനരധിവസിപ്പിച്ചരുടെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കും. രക്ഷാപ്രവര്‍ത്തനം മുതല്‍ ഇതുവരെയുള്ള എല്ലാ കാര്യങ്ങളിലും ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഒറ്റക്കെട്ടായാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. തുടര്‍ന്നും ഇതുപോലെ മുന്നോട്ട് പോവണം. പുരധിവാസം സര്‍വതല സ്പര്‍ശിയായ രീതിയിലാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ പങ്ക് വെച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാവും പുനരധിവാസ പാക്കേജിന് അന്തിമ രൂപം നല്‍കുക.
സ്ഥിര പുനരധിവാസം ദുരന്തബാധിതരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെടുത്തിയാവണമെന്ന് ടി.സിദ്ധീഖ് എം.എല്‍. എ പറഞ്ഞു. കാലവസ്ഥാ മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കുന്നതോടൊപ്പം ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും അവലംബിക്കണം. ചൂരല്‍മല സ്‌കൂള്‍ ചൂരല്‍മലയില്‍ തന്നെ സുരക്ഷിതമായ സ്ഥലത്ത് പുനര്‍നിര്‍മ്മിക്കണം. ചുരുങ്ങിയത് 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കണം. പുനരധിവാസവുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ തയ്യാറുള്ള എല്ലാവരെയും സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സഹകരിപ്പിക്കണം. തകര്‍ന്ന ആരാധനലായങ്ങള്‍ സാധ്യമാകുന്നിടത്ത് പുനര്‍ നിര്‍മ്മിക്കണം




Leave a Reply