ഫ്‌ളഡ് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കണം: ടി.സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: ദുരന്തത്തില്‍പ്പെടുന്നയാളുകളെ താല്‍കാലികമായി താമസിപ്പിക്കുന്നതിന് ഫ്‌ളഡ് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കണമെന്നും, ജില്ലക്ക് ദുരന്തനിവാരണത്തിനായി ഡെപ്യൂട്ടി കലക്ടര്‍ തസ്തിക അനുവദിക്കുന്നതിനും, പ്രത്യേക ഓഫീസ് സംവിധാനം ഒരുക്കണമെന്നും ചൂണ്ടി കാണിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് ചീഫ് സെക്രട്ടറി ഡോ. വേണു. വി. ഐ.എ.എസ് ന് കത്ത് നല്‍കി. വയനാട് ജില്ലയില്‍ ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിയും, മുണ്ടകൈയും നാമാവശേഷമായിരിക്കുകയാണ്. പിഞ്ചു പൈതങ്ങളെയും, മാതാപിതാക്കളെയും, സഹോദരങ്ങളെയും, ജീവിത പങ്കാളികളെയും നഷ്ടമായവര്‍ നിരവധിയാണ്. ഭൂമിയും, വീടും, ജീവനോപാധിയും, വാഹനങ്ങളുമടക്കം ഒരായുഷ്‌കാലത്തെ സമ്പാദ്യമെല്ലാം ഒരു രാത്രി കൊണ്ട് ഇല്ലാതായിരിക്കുകയാണ്. 2018, 2019 വര്‍ഷങ്ങളില്‍ പ്രളയവും, 2019 ആഗസ്റ്റ് 8 ന് പുത്തുമലയില്‍ ഉരുൾപൊട്ടിയിരുന്നു. എല്ലാ വര്‍ഷവും ജില്ലയില്‍ പ്രക്യതിക്ഷോഭങ്ങള്‍ തുടര്‍ കാഴ്ചയാണ്. ദുരന്തത്തില്‍പ്പെട്ടയാളുകളെ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ താല്‍കാലിക ക്യാമ്പുകളിലാണ് താമസിപ്പിച്ച് വരുന്നത്. ഇതുമൂലം സ്‌കൂളുകളുടെ പ്രവര്‍ത്തനം താറുമാറാകുകയും, നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലാകുകയും ചെയ്യുകയാണ്. അത് കൊണ്ട് തന്നെ മേപ്പാടി, കല്‍പ്പറ്റ പ്രദേശങ്ങളുമായി അടുത്ത് നില്‍ക്കുന്ന ഒരു സ്ഥലത്ത് 1500 ഓളം ആളുകള്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഒരു ഫ്‌ളഡ് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കുകയാണെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവരെ മാറ്റി താമസിപ്പിക്കാനും, സ്‌കൂളുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതെ ഇരിക്കുകയും ചെയ്യും. കൂടാതെ മറ്റ് സമയങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഈ ഷെല്‍ട്ടര്‍ ഹോം ഉപയോഗിക്കുകയും ചെയ്യാമെന്ന് എം എൽ എ ചൂണ്ടി കാണിച്ചു.
ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നതും, ദുരന്തസാധ്യത ഏറെയുമുള്ള വയനാട്ടില്‍ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ തസ്തിക അനുവദിച്ചിട്ടില്ല.2018 ലെ പ്രളയത്തിനു ശേഷം മറ്റു ജില്ലകളില്‍ ദുരന്ത നിവാരണത്തിന് പ്രത്യേക ഡപ്യൂട്ടി കലക്ടര്‍മാരെ നിയമിച്ചെങ്കിലും ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന വയനാട്ടില്‍ ഈ തസ്തിക അനുവദിച്ചില്ല. ഇപ്പോള്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റാണ് ഈ അധിക ചുമതല നൽകിയിട്ടുള്ളത്. മുണ്ടകൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനു ശേഷം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നായി ഓരോ ഡപ്യൂട്ടി കലക്ടര്‍മാരെയും, കോഴിക്കോട് ജില്ലയില്‍ നിന്നു രണ്ട് ഡപ്യൂട്ടി കലക്ടര്‍മാരെയുമാണ് നിയോഗിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന വയനാട് ജില്ലക്ക് ദുരന്ത നിവാരണത്തിനായി ഡെപ്യൂട്ടി കലക്ടര്‍ തസ്തിക അനുവദിക്കുന്നതിനും, പ്രത്യേക ഓഫീസ് സംവിധാനം ഒരുക്കുന്നതിനും, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു സമഗ്ര സംവിധാനം അനുവദിക്കുന്നതിനുമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് എം.എല്‍.എ ആവശ്യപ്പെട്ടു





Leave a Reply