ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം ലക്ഷ്യമിട്ട്; 88 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി
കല്‍പ്പറ്റ: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണം ലക്ഷ്യമിട്ട് സൗത്ത്, നോര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസുകള്‍ സംയുക്തമായി 88 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. ജില്ലാ വികസന സമിതി യോഗത്തില്‍ വനം ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് വിവരം. വനമേഖലയോട് ചേര്‍ന്നുള്ള റിസോര്‍ട്ട്, ഹോംസ്റ്റേ നടത്തിപ്പുകാര്‍ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ഡിജെ പാര്‍ട്ടി, ലൈറ്റിംഗ്, രാത്രി വനയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ടൂറിസം ഓപ്പറേറ്റര്‍മാരുടെ യോഗം അടിയന്തരമായി വിളിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീക്കു നിര്‍ദേശം നല്‍കി.
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുന്നതിനും സാമൂഹിക പഠനമുറികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുമെന്ന് മന്ത്രി അറിയിച്ചു.
കൊഴിഞ്ഞുപോക്ക് കൂടുതലുള്ള വിദ്യാലയങ്ങളിലെ പ്രവര്‍ത്തനം പ്രാദേശിക നിര്‍വഹണ സമിതിയും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയും പരിശോധിക്കും. ജില്ലയില്‍ 56 സാമൂഹിക പഠനമുറികള്‍ ശക്തീകരിക്കാന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. കൊഴിഞ്ഞുപോക്ക് കൂടുതലുള്ള സ്‌കൂളുകളില്‍ ഊരുകൂട്ടം വോളണ്ടിയര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത 30 മീറ്റര്‍ വീതിയില്‍ നാലുവരിയാക്കുന്നതിന് ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ എല്ലാ വാര്‍ഡുകളിലും മഴമാപിനി സ്ഥാപിച്ച് മഴയുടെ അളവ് ജനങ്ങള്‍ക്കുതന്നെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 262 മഴമാപിനികള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ 200 സ്‌കൂളുകളിലും മഴമാപിനി സ്ഥാപിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി തീരുമാനിച്ചതായി അവര്‍ അറിയിച്ചു.
അമ്പുകുത്തിമലയിലും മേപ്പാടി പഞ്ചായത്തിലും നടന്ന അനധികൃത നിര്‍മാണങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് കളക്ടര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ വീട്ടുനമ്പര്‍ ലഭിക്കുന്നില്ലെന്ന പരാതിയില്‍ പട്ടികവര്‍ഗ വികസന, തദ്ദേശ ഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 15നകം സ്‌പെഷല്‍ ഡ്രൈവ് നടത്തി നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എഡിഎം കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം. പ്രസാദന്‍ തുടങ്ങിയവരും പങ്കെടുത്തു.
Leave a Reply