തുരങ്കപാത പദ്ധതി: പരിസ്ഥിതി അനുമതി റദ്ദാക്കണം കേന്ദ്രത്തിന് കത്തയച്ച് പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: കള്ളാടി-ആനക്കാംപൊയില്‍ നാലുവരി തുരങ്ക പാത പദ്ധതിക്കു അനുവദിച്ച പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദ്രയാദവ്, പരിസ്ഥിതി സെക്രട്ടറി, കേരള ചീഫ് സെക്രട്ടറി, സംസ്ഥാന പരിസ്ഥിതി ആഘാത പഠന അഥോറിട്ടി ചെയര്‍മാന്‍ എന്നിവര്‍ക്ക് കത്ത് അയച്ചു.
വനം-പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചും വസ്തുതകള്‍ മറച്ചുവച്ചും നേടിയതാണ് പരിസ്ഥിതി അനുമതി. വിശ്വാസ വഞ്ചനയ്ക്ക് സംസ്ഥാന സര്‍ക്കാരിനെതിരേ നടപടി സ്വീകരിക്കണം. പദ്ധതി ഉപേക്ഷിക്കണം.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് വണ്‍ ക്ലിയറന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് പൊതുമരാമത്ത് വകപ്പ് കോഴിക്കോട് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ വി.കെ. ഹാഷിം 2022 മെയ് 16ന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അന്തിമാനുമതിക്ക് പരിസ്ഥിതി ആഘാത നിര്‍ണയ കമ്മിറ്റിക്കു മുന്‍പില്‍ പ്രോജക്ട് സമര്‍പ്പിച്ചിരുന്നു. ചില വിശദീകരണങ്ങള്‍ ചോദിച്ച് കമ്മിറ്റി പ്രോജക്ട് തിരിച്ചയയ്ക്കുകയാണുണ്ടായത്.
*തുരങ്ക പാതയ്ക്ക് ഉപയോഗപ്പെടുത്തേണ്ടത് 34.304 ഹെക്ടര്‍ വനഭൂമി
പ്രകടമായ വൈരുധ്യങ്ങളെയും വസ്തുതാവിരുദ്ധമായ വിവരങ്ങളെയുംകുറിച്ച് കമ്മിറ്റി സൂചിപ്പിച്ചിട്ടുണ്ട്.
കോട്ടപ്പടി, വെള്ളരിമല, തിരുവമ്പാടി, ജീരകപ്പാറ വില്ലേജുകളിലൂടെ കടന്നുപോകുന്ന 8.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി തുരങ്ക പാതയ്ക്ക് മൊത്തം 51. 370 ഹെക്ടര്‍ ഭൂമിയാണ് ഉപയോഗപ്പെടുത്തേണ്ടിവരിക. ഇതില്‍ 34.304 ഹെക്ടര്‍ വനഭൂമിയാണ്. ഇത് മൊത്തം ഭൂമിയുടെ 61 ശതമാനമാണ്.
വിദഗ്ധ സമിതി നടത്തിയ വിലയിരുത്തല്‍ പ്രക്രിയയില്‍ സമര്‍പ്പിച്ച നിര്‍ണായക രേഖയായ
ഫോം ഒന്നില്‍ അംഗീകാരം ലഭിക്കുന്നതിന് വനഭൂമിയെക്കുറിച്ചടക്കം വിവരം തെറ്റായാണ് നല്‍കിയത്. പ്രോജക്ട് എരിയയുടെ ഏതെങ്കിലും ഭാഗം പ്രൊട്ടക്റ്റഡ് ഏരിയയിലോ ഇക്കോ സെന്‍സിറ്റീവ് സോണിലോ ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന് അല്ല എന്ന തെറ്റായ മറുപടിയാണ് നല്‍കിയത്. വനാവകശ നിയമപ്രകാരം അവകാശങ്ങള്‍ നല്‍കാനുണ്ടോ, വനവകാശം പ്രോജക്ടിന് വിട്ടുകൊടുക്കുന്ന ഭൂമിയില്‍ പൂര്‍ത്തികരിക്കാനുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് ഇല്ല എന്നാണ് ഉത്തരം.
*സ്റ്റേജ് വണ്‍ ക്ലിയറന്‍സ് നേടിയത് തെറ്റായ വിവരം നല്‍കി
തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നും സ്റ്റേജ് വണ്‍ ക്ലിയറന്‍സ് നേടിയതെന്ന് വ്യക്തമാണ്. വനം വകുപ്പിന്റെ ക്ലിയറന്‍സ് ലഭിച്ചശേഷം സ്റ്റേറ്റ് ഇക്കോളജി അസസ്‌മെന്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച രേഖകളില്‍ വൈരുധ്യം പ്രകടമാണ്. ഉയര്‍ന്ന പാരസ്ഥിതിക സംവേദനമുള്ള മേഖലയിലൂടെയാണ് ടണല്‍ കടന്നുപോകുന്നതെന്നും നിര്‍ദിഷ്ട റോഡിന് സമീപമുളള പ്രദേശങ്ങള്‍ അപകടമേഖലയാണെന്നും തിരുവമ്പാടി പഞ്ചായത്തിലെ 35.67 ശതമാനം പ്രദേശം അസ്ഥിരവും 26.5 ശതമാനം ഉയര്‍ന്ന അസ്ഥിരവും 0.96 ശതമാനം ഗുരുതര അസ്ഥിരവും ആണെന്നു കമ്മിറ്റി കണ്ടെത്തിയിരുന്നു.
മണ്‍സൂണ്‍ കാലങ്ങളില്‍ ‘സ്ഥിരമായി മണ്ണിടിച്ചില്‍ സാധ്യതയുള്ള’ പ്രദേശങ്ങള്‍ എന്നാണ് പദ്ധതി പ്രദേശത്തെ കമ്മിറ്റി രേഖപ്പെടുത്തുന്നത്. 2019ലെ മഴക്കാലത്ത് വിനാശകരമായ മണ്ണിടിച്ചിലാണുണ്ടായത്. നിര്‍ദിഷ്ട പാതയില്‍നിന്നു ഏകദേശം 0.85 കിലോമീറ്റര്‍ അകലെയാണ് ഉരുള്‍പൊട്ടലുണ്ടായ പുത്തുമല.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, വയനാട്ടിലെ വെള്ളരിമല വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്. വയനാട്ടിലെ അരണമല കാട്ടുനായ്ക്ക ഉന്നതിയിലെ 27 കുടുംബങ്ങളെ പദ്ധതി ബാധിത കുടുംബങ്ങളെന്നു കമ്മിറ്റി കണ്ടെത്തിയിട്ടുണ്്. വയനാട്ടിലും കോഴിക്കോട് ജില്ലയിലുമായി 32 ആദിവാസി ഉന്നതികള്‍ നിര്‍ദിഷ്ട തുരങ്ക പാതയ്ക്കു സമീപത്തുണ്ട്.
*നഷ്ടപരിഹാര വനവത്കരണത്തിന് കണ്ടെത്തിയത് നവ കിരണം പദ്ധതിയില്‍ ഏറ്റെടുത്ത ഭൂമി
ആദിവാസി ഇതര സ്വകാര്യ ഭൂമിയില്‍ 17.53 ഹെക്ടറില്‍ നഷ്ടപരിഹാര വനവത്കരണത്തിന് കണ്ടെത്തിയ സ്ഥലം റീബില്‍ഡ് കേരള സ്‌കീമിലെ നവകിരണം പദ്ധതിയില്‍ വനം വകുപ്പ് ഏറ്റെടുത്തതാണ്. വനവത്കരണം സ്വകാര്യ ഭൂമിയിലേ ചെയ്യാവൂ എന്ന നിബന്ധന പാലിക്കപ്പെട്ടിട്ടില്ല. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട മണല്‍വയലില്‍ 1.27 ഹെക്ടര്‍, കൊല്ലിവയലില്‍ 1.8 ഹെക്ടര്‍, മാടപ്പറമ്പില്‍ 10.03 ഹെക്ടര്‍, ചുള്ളിക്കലില്‍ 4.43 ഹെക്ടര്‍ എന്നിങ്ങനെ കാടാണ് വനവത്കരണത്തിന് ശിപാര്‍ശ ചെയ്തത്. 9.05 കോടി ചെലവില്‍ 10 വര്‍ഷം നീളുന്ന മരം നട്ടുപിടിപ്പിക്കലും പരിപാലനവും അടങ്ങുന്ന നഷ്ടപരിഹാര വനവത്കരണ പദ്ധതി അസ്വീകാര്യമാണ്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന്റെ ഒരു ഭാഗം പദ്ധതി വിന്യാസത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്നതാണ്.
*പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം പദ്ധതിക്കു നിര്‍ദേശിച്ച സ്ഥലത്തിനു സമീപം
തുരങ്ക പാത പദ്ധതിക്കു നിര്‍ദേശിച്ച സ്ഥലത്തിനു സമീപമാണ് കഴിഞ്ഞ ജൂലൈ 30ന് ഉരുള്‍പൊട്ടിയ പുഞ്ചിരിമട്ടം. 1960 മുതല്‍ ഈ ഭൂപ്രദേശത്ത് നിരവധി തവണ ഉരുള്‍ പൊട്ടിയിട്ടുണ്ട്. 1984ലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ 17 പേരുടെ ജീവനെടുത്തു. 2019ലും 2020ലും മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. വിനാശകരമായ ഉരുള്‍ പൊട്ടല്‍ ഉണ്ടായ കവളപ്പാറയുംപാതാറും നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ്. ഇവയൊക്കെ പദ്ധതി പ്രദേശത്തിന്റെ ദുര്‍ബലതയിലേക്ക് വിരല്‍ചൂണ്ടുന്ന പ്രധാന സൂചകങ്ങളാണ്. തുരങ്ക പാത കടന്നുപോകേണ്ട പര്‍വതപ്രദേശങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതടക്കം ജൈവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണ്. ടണല്‍ നിര്‍മാണം വയനാട്ടില്‍ കൃഷിക്കോ വ്യവസായത്തിനോ ടൂറിസത്തിനോ ഗുണവും ചെയ്യില്ലെന്ന് ഉറപ്പാണ്. പരിസ്ഥിതിയിലും പരിസ്ഥിതി സുസ്ഥിരത ഉറപ്പുനല്‍കുന്ന സമൂഹത്തിലും പദ്ധതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും കത്തില്‍ പറയുന്നു. കേന്ദ്ര മന്ത്രാലയം പുനര്‍വിചിന്തനത്തിന്ന് തയാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.





Leave a Reply