കന്നി പോരാട്ടത്തിന് പ്രിയങ്ക ഗാന്ധി
കൽപറ്റ∙ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെയാണ് വയനാട് ജില്ല ദേശീയ രാഷ്ട്രീയത്തിലെ സുപ്രധാന സ്ഥലമായി മാറിയത്. ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിന് ഇറങ്ങുന്നതോടെ എല്ലാ കണ്ണുകളും വീണ്ടും വയനാട്ടിലേക്ക് തിരിയുകയാണ്. എൽഡിഎഫും ബിജെപിയും ആരെ നിർത്തുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. പ്രിയങ്കയ്ക്ക് എതിരെ കടുത്ത മത്സരം കാഴ്ചവയ്ക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. അതിനാൽ ഏറ്റവും കരുത്തനായ സ്ഥാനാർഥിയെ ആയിരിക്കും നിർത്തുകയെന്നാണ് വിവരം. ആര് സ്ഥാനാർഥി ആകുമെന്ന കാര്യത്തിൽ എൽഡിഎഫിൽ കാര്യമായ ചർച്ചകളൊന്നും നടന്നിട്ടില്ല.
ഉരുൾപൊട്ടൽ വേദന തീരും മുമ്പേയാണ് തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ജില്ലയിൽ വന്നതും ദുരന്ത സ്ഥലം സന്ദർശിക്കാനാണ്. അതിനാൽ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയവും ഉരുൾപൊട്ടലായിരിക്കും.
പ്രിയങ്ക ഗാന്ധിയെ നേരിടാൻ ബിജെപി കരുത്തുറ്റ സ്ഥാനാർഥിയെ തേടിക്കൊണ്ടിരിക്കുകയാണ്. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ശോഭയ്ക്ക് പാലക്കാട് മത്സരിക്കാനാണ് താൽപര്യം. വയനാടിനേക്കാൾ ജയസാധ്യത പാലക്കാടാണ്. മാത്രമല്ല പാലക്കാടുമായി അടുത്ത ബന്ധം പുലർത്തുന്നയാളുമാണ് ശോഭ. കെ.സുരേന്ദ്രൻ, എം.ടി.രമേശ് എന്നിവരുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.
ആനി രാജ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സിപിഐയിൽ ആരു മത്സരിക്കും എന്നത് വലിയ ചോദ്യമാണ്. ഇന്ത്യ മുന്നണിയിൽ ഒരുമിച്ച് നിൽക്കുന്ന രണ്ട് പാർട്ടിയിലെ സുപ്രധാന നേതാക്കളായ രാഹുൽ ഗാന്ധിയും ആനി രാജയുമാണ് കഴിഞ്ഞ തവണ വയനാട്ടിൽ മത്സരിച്ചത്. ഇതിനെ ബിജെപി പ്രചാരണ ആയുധമാക്കിയിരുന്നു. ഇന്ത്യാ സഖ്യത്തിലെ കക്ഷികളായതിനാൽ പ്രിയങ്കയ്‌ക്കെതിരെ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തരുതെന്നും ആവശ്യമുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്ന പ്രിയങ്കയുടെ കന്നിയങ്കമാണ് വയനാട്ടിലേത്. കോൺഗ്രസ് വളരെ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെപ്പറ്റി ആലോചനകൾ തുടങ്ങി.





Leave a Reply