സമരത്തിനും വിവാദങ്ങൾക്കും ഒടുവിൽ കുറുവയിലേക്ക് സഞ്ചരികൾ എത്തി
പാൽവെളിച്ചം ∙ ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ കുറുവ ദ്വീപിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം. പടമലയിലെ അജീഷ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതിനെ തുടർന്ന് ഫെബ്രുവരി 10ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കുറുവയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിലച്ചിരുന്നു. പാക്കം വനസംരക്ഷണ സമിതി ജീവനക്കാരനായ വെള്ളച്ചാലിൽ പോൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ച് പൂട്ടാൻ ഹൈക്കോടതി നിർദേശം നൽകി. ഇതോടെ സഞ്ചാര വിലക്ക് നേരിട്ട കുറുവ ദ്വീപിലേക്ക് 250 ദിവസങ്ങൾക്ക് ശേഷമാണ് സഞ്ചാരികൾക്ക് പ്രവേശനം നൽകിയത്. പുൽപള്ളി ചെറിയമല ഭാഗത്തുകൂടെ സഞ്ചാരികളെ ദ്വീപിൽ എത്തിച്ച ശേഷവും പാൽവെളിച്ചം ഭാഗത്ത് കൂടെ പ്രവേശനം വൈകിയതിൽ നാട്ടുകാർ പ്രതിഷേധം ഉയർത്തി. കുറുവ ദ്വീപ് അടച്ചതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്. നാട്ടുകാർ കർമ സമിതി രൂപീകരിച്ച് പ്രക്ഷോഭവും ആരംഭിച്ചു. തുടർന്ന് സർക്കാരിന്റെ ഇടപെടലിലൂടെയാണ് ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയും പ്രവേശന നിരക്ക് വർധിപ്പിച്ചും സഞ്ചാരികളെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.
കുറുവ ദ്വീപിലേക്ക് 400 പേർക്കുള്ള പ്രവേശനം വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാക്കം ചെറിയമല വഴി മാത്രം മതിയെന്ന തീരുമാനം കടുത്ത പ്രതിഷേധത്തിന് വഴി വച്ചിരുന്നു. കൽപറ്റ ഡിഎഫ്ഒ ഓഫിസ് മാർച്ച് അടക്കമുള്ള ജനകീയ പ്രക്ഷോഭവും നടത്തി. ഇതിനെ തുടർന്ന് നടത്തിയ മാരത്തൺ ചർച്ചകൾക്ക് ഒടുവിലാണ് പാൽവെളിച്ചം വഴിയും ചെറിയമല വഴിയും 200 പേരെ വീതം പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന ചങ്ങാടത്തിന്റെ നിരക്കിനെ ചൊല്ലി കുറവ ഡിഎംസിയും വനം വകുപ്പും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടർന്നു. ഇതിനെ ചൊല്ലി ദ്വീപിലേക്കുള്ള പ്രവേശനം വൈകിയത് സഞ്ചാരികളെ നിരാശയിലാക്കി. നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ചർച്ചകൾക്ക് ഒടുവിൽ ഉച്ചയോടെ പ്രവേശനം ആരംഭിച്ചു. രാവിലെ 9.30ന് പ്രവേശനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും ഉച്ചയ്ക്ക് ഒന്നോടെയാണ് സഞ്ചാരികളുമായുള്ള ആദ്യ ചങ്ങാടം കബനിനദി കടന്ന് ദ്വീപിൽ എത്തിയത്. മുതിർന്നവർക്ക് 220 രൂപയും കുട്ടികൾക്ക് 150 രൂപയും വിദേശികൾക്ക് 440 രൂപയുമാണ് ജിഎസ്ടി അടക്കം പ്രവേശന നിരക്ക്. ഓണം, പൂജ അവധി സീസണുകൾ നഷ്ടമായെങ്കിലും കുറുവ ദ്വീപ് തുറന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കർമ സമിതി ചെയർമാൻ ഷിബു കെ.ജോർജ് പറഞ്ഞു.





Leave a Reply