യു ഡി എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നാളെ
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ യു ഡി എഫ് നിയോജകമണ്ഡലം കണ്‍വെന്‍ഷനുകള്‍ നടക്കും. ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും കണ്‍വെന്‍ഷനുകള്‍ ശനിയാഴ്ച നടക്കും. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ രാവിലെ 10 മണിക്ക് ബത്തേരി എടത്തറ ഓഡിറ്റോറിയത്തിലും, കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ 11 മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തിലും മാനന്തവാടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ രണ്ട് മണിക്ക് മാനന്തവാടി സെന്റ് തോമസ് ചര്‍ച്ച് ഹാളിലുമാണ് നടക്കു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള സമുന്നതാരായ നേതാക്കള്‍ കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. നിലവില്‍ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ ഡീന്‍ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. മാനന്തവാടിയില്‍ അഡ്വ. സണ്ണി ജോസഫ് എം എം എല്‍ എയുടെയും, കല്‍പ്പറ്റയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ വരുംദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. ഒക്‌ടോബര്‍ 25നുള്ളില്‍ മുഴുവന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികളും ബൂത്തുതല കമ്മിറ്റികളും നിലവില്‍ വരും. 26, 27 തിയ്യതികളില്‍ നേതാക്കന്മാരുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശനങ്ങള്‍ക്കും തുടക്കമാവും.





Leave a Reply