കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി വള്ളുവടി വടക്കനാട് കർഷകർ
ബത്തേരി:വയൽക്കൃഷിയും
കന്നുകാലി വളർത്തലുംഉപജീവനമാർഗമാക്കിയവടക്കനാട്, വള്ളുവാടി ഗ്രാമങ്ങൾക്ക് ഇന്നും അവഗണന തന്നെ. വന്യജീവി പ്രശ്‌നം കൊണ്ട് പൊറുതി മുട്ടിയപ്പോൾ ജില്ലയും സർക്കാരും ശ്രദ്ധിച്ച സമര പരമ്പരയ്ക്കൊടുവിൽ നാടിനായി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം ജലരേഖകളെന്ന് ഇപ്പോഴുമുള്ള കൃഷിനാശം സാക്ഷ്യം. കൃഷിയിടങ്ങളിലും വീട്ടുമുറ്റങ്ങളിലും വന്യജീവികൾ വിഹരിക്കുമ്പോൾ പ്രതിരോധ മാർഗങ്ങൾ പഴയതിലും പരിതാപകരമാവുകയാണ്. നൂൽപുഴ പഞ്ചായത്തിലെ മൂന്നു വാർഡുകൾ ഉൾപ്പെട്ട വടക്കനാട് വള്ളുവാടി മേഖലയിൽ ആയിരത്തോളം കുടുംബങ്ങളിലായി അയ്യായിരത്തോളം ആളുകളാണുള്ളത്. നാലു വശവും വനമായതിനാൽ വന്യജീവികളുടെ വിഹാരം കാടിനു സമാനമാണ് നാട്ടിലും. 2019- 20 ൽ രണ്ടു തവണയാണ് വന്യജീവി സങ്കേതം ഓഫിസിന് മുൻപിൽ സ്ത്രീകളും കുട്ടികളുമടങ്ങളുന്ന വടക്കനാട് വള്ളുവാടിക്കാർ അനിശ്‌ചിത കാല നിരാഹാര സമരം നടത്തിയത്.ഒടുവിൽ മന്ത്രിമാരടക്കം പന്തലിലെത്തി നാടിനു വേണ്ടതെല്ലാം ചെയ്യാമെന്ന് വാഗ്ദാനം നൽകി. തുടർന്നു നടത്തിയ പഠനങ്ങൾക്കു ശേഷം 34 കിലോമീറ്റർ ദൂരത്തിൽ ക്രാഷ് ഗാർഡ് ഫെൻസിങ്ങും ആവശ്യമുള്ളിടത്ത് കൽമതിലും നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. പദ്ധതി രേഖ തയാറാക്കി പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും നിർമാണ അനുമതി നൽകുകയും ചെയ്തിരുന്നു. കരാറെടുത്ത കമ്പനി പ്രാരംഭ പ്രവൃത്തികൾ നടത്തുന്നതിനിടെയാണ് 2022 സെപ്റ്റംബർ 14ന് പദ്ധതി റദ്ദു ചെയ്തതായി വന്യജീവി സങ്കേതം ഓഫിസ് അറിയിച്ചത്. റദ്ദാക്കിയ പദ്ധതിക്ക് പകരം തൂക്കുവേലി നിർമിക്കുമെന്നായിരുന്നു വിശദീകരണം. എന്നാൽ അതും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല വടക്കനാട്,വള്ളുവാടി മേഖലയിൽ തൂക്കുവേലി പൂർണ വിജയമല്ലെന്ന് ആക്ഷേപവുമുണ്ട്.





Leave a Reply