പീപ്പിൾ ഫൗണ്ടേഷന്റെ സഹായം, 56 കച്ചവട സ്ഥാപനങ്ങൾ പുനരുദ്ധരിക്കും
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച 56 ചെറുകിട വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ പുനരാരംഭിക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ 95.19 ലക്ഷം രൂപ സഹായം നൽകുന്നു. 21 സ്ഥാപനങ്ങൾക്ക് 20.30 ലക്ഷം രൂപയുടെ സഹായം ബംഗളൂരു ആസ്ഥാനമായുള്ള രഹ്ബർ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് നൽകുന്നത്. പീപ്പിൾസ് ഫൗണ്ടേഷൻറെ ആദ്യഘട്ട സഹായമാണിത്. അവശേഷിക്കുന്ന സ്ഥാപനങ്ങൾക്കും ആവശ്യമെങ്കിൽ സഹായം നൽകും. സ്ഥാപനങ്ങളുടെ ഉടമകളുമായി പീപ്പിൾസ് ഫൗണ്ടേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയിൽ പുനരുദ്ധാരണ പദ്ധതിക്ക് രൂപം നൽകുകയായിരുന്നു. വിവിധ ഏജൻസികൾ നൽകിയ സഹായം കണക്കാക്കി ബാക്കി തുക മാത്രമാണ് പീപ്പിൾസ് ഫൗണ്ടേഷൻ അനുവദിച്ചത്. ആവശ്യത്തിനു തുക മറ്റ് ഏജൻസികളിൽ നിന്ന് പൂർണമായും ലഭിച്ച സ്ഥാപനങ്ങൾക്ക് സഹായം നൽകുന്നില്ല. സഹായം ലഭിച്ച സ്ഥാപനങ്ങൾ പുനരാരംഭിക്കുന്നുവെന്ന് ഉറപ്പു വരുത്താനുള്ള സംവിധാനവും പീപ്പിൾസ് ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച യോഗത്തിൽ ചെയർമാൻ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ്, സെക്രട്ടറി അയ്യൂബ് തിരൂർ, എക്സിക്യൂട്ടീവ് ഡയറക്ടർ പി. എ. ഷമീൽ സജ്ജാദ്, പ്രോജക്ട് ഡയറക്ടർ ഡോ. നിഷാദ്, പ്രോജക്ട് കോർഡിനേറ്റർ സുഹൈർ, ജില്ലാ കോർഡിനേറ്റർ സമീർ, പ്രോജക്റ്റ് കോർഡിനേറ്റർ നൗഷാദ് ബത്തേരി തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply