December 11, 2024

പൂക്കോട് തടാകത്തെ പായൽ വിഴുങ്ങുന്നു; തടാകത്തിന്റെ നിലനിൽപ് ഭീഷണിയിൽ

0
Img 20241101 132446

വൈത്തിരി ∙ പായൽ നിറഞ്ഞതോടെ പൂക്കോട് തടാകത്തിന്റെ നിലനിൽപ് ഭീഷണിയിൽ. പായൽ കാരണം തടാകത്തിലൂടെയുള്ള ബോട്ടിങ് ദുഷ്ക്കരമായി. 2.5 കോടി രൂപ ചെലവിട്ട് കഴിഞ്ഞ 2021 ജൂൺ, ജൂലൈ മാസങ്ങളിലായി പായലും ചെളിയും പൂർണമായി നീക്കിയിരുന്നു. പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. നിലവിൽ തടാകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും പായൽ വളർന്ന നിലയിലാണ്. തടാകത്തിന്റെ പടിഞ്ഞാറേ ഭാഗത്താണു പായൽ കൂടുതൽ. ബോട്ടിങ് ദുഷ്ക്കരമായതോടെ തടാകത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പായൽ നീക്കം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

 

5.71 ഹെക്ടർ വിസ്തൃതിയുള്ള തടാകത്തിൽ നിന്നു നവീകരണത്തിന്റെ ഭാഗമായി 13 ക്യുബിക് മീറ്റർ ചെളി നീക്കിയെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഒരു മീറ്ററോളം ആഴത്തിൽ അരികു കുഴിച്ചാണ് ചെളി നീക്കിയത്‌. 30 ശതമാനം വിസ്തൃതി ഇതിന്റെ ഭാഗമായി കൂടിയെന്നും അധികൃതർ അവകാശപ്പെട്ടിരുന്നു. കോരിയെടുത്ത പായലും ചെളിയും തടാകക്കരയിലാണ് അന്നു നിക്ഷേപിച്ചിരുന്നത്. ഇതുകാരണം കനത്ത മഴയിൽ ചെളിയും പായലും വീണ്ടും തടാകത്തിലേക്കു ഒഴുകിയെത്തി. പായൽ പൂർണമായും നീക്കിയതിനു ശേഷവും വീണ്ടും പായൽ വളർന്നതായി പരാതി ഉയർന്നതിനെ തുടർന്നു ടൂറിസം വകുപ്പിന്റെ വസ്തുതാ പരിശോധക സംഘം 2022 ജനുവരിയിൽ തടാകത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ, തുടർനടപടികൾ മുടങ്ങി. പായലും ചെളിയും അടിഞ്ഞുകൂടി തടാകത്തിന്റെ വിസ്തൃതി വർഷംതോറും കുറയുന്നതായി പുതുച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗവേഷകസംഘം കണ്ടെത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിലും തുടർ നടപടികളുണ്ടായില്ല.

 

ദിവസേന നൂറുകണക്കിനു വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രമാണിത്. മുതിർന്നവർക്ക് 40 രൂപ, കുട്ടികൾക്കു 30 രൂപ, മുതിർന്ന പൗരന്മാർക്ക് 20 രൂപ എന്നിങ്ങനെയാണു പ്രവേശന ഫീസ്. പ്രതിവർഷം ലക്ഷക്കണക്കിനു രൂപയുടെ വരുമാനമുണ്ടായിട്ടും ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ആക്ഷേപമുണ്ട്. കുട്ടികളുടെ പാർക്ക് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ആവശ്യത്തിനു ബോട്ടുകളും ഇവിടെയില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *