സത്യന്‍ മൊകേരിയുടെ വിജയത്തിനായി തോട്ടം തൊഴിലാളി കണ്‍വെന്‍ഷന്‍
മേപ്പാടി: മുണ്ടക്കൈ- ചൂരല്‍മല ദുരിത ബാധിതർക്ക് അർഹതപ്പെട്ട ധനസഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. വയനാട് പാര്‍ലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ വിജയത്തിനായി മേപ്പാടിയിൽ ചേർന്ന തോട്ടം തൊഴിലാളി
കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഞെട്ടിച്ച ഉരുള്‍ ദുരന്തത്തെ പാർലമെന്റിൽ വേണ്ട വിധം ഉന്നയിക്കാന്‍ സംസ്ഥാനത്ത് നിന്നുളള യുഡിഎഫിന്റെ പതിനെട്ട് എം പിമാര്‍ക്കും കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2018 ലെ മഹാ പ്രളയത്തിൽ എത്തിയ ഹെലികോപ്റ്ററിന്റെ വാടകയും, ദുരിതാശ്വസ ക്യാമ്പുകളിലെ ഉച്ച ഭക്ഷണത്തിന് നൽകിയ അരിയുടെ വിലയും, വെളിച്ചത്തിനായി നൽകിയ മണ്ണെണ്ണയുടെ വിലയും കേന്ദ്ര സർക്കാർ കണക്ക് പറഞ്ഞ് തിരികെ വാങ്ങി. ഉരുള്‍ ദുരന്തത്തിലും ജനദ്രോഹ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്നത് .
വയനാട്ടിലെ ജനങ്ങൾ നൽകിയ വിശ്വാസത്തെ തട്ടിതെറിപ്പിച്ച് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയ കോൺഗ്രസിന് തിരിച്ചടി നൽകണമെന്ന് അദ്ദേഹം പറഞ്ഞു. എ പ്രശാന്തൻ അധ്യക്ഷനായി. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. മൂർത്തി, ജില്ലാ പ്രസിഡന്റ് വിജയൻ ചെറുകര, ജില്ലാ സെക്രട്ടറി സി.എസ്.സ്റ്റാൻലി, മഹിതാ മൂർത്തി, കൃഷ്ണകുമാർ, പടയൻ ഇബ്രാഹിം, വി. യൂസഫ്, കെ.രമേശ്, എ. ബാലചന്ദ്രൻ പ്രസംഗിച്ചു.
Leave a Reply