വയനാടിനോട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി പകപോക്കുന്നു: ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ നടപടി വയനാടിനോടുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടില്‍ ശക്തമായ സമ്മര്‍ദ്ദവും പ്രക്ഷോഭവും തുടരും. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കൂട്ടുപിടിച്ച് ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭവും പ്രവര്‍ത്തനവും, നിയമപരമായ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനോടൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും എം എല്‍ എ പറഞ്ഞു. ബീഹാർ, ആസാം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കെല്ലാം പ്രകൃതിദുരന്തങ്ങളുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി സഹായം നല്‍കി. അവിടുത്തെ ജനങ്ങള്‍ക്ക് കൊടുക്കേണ്ടത് തന്നെയാണ്. എന്നാല്‍ വയനാട്ടിലെ ജനങ്ങളുടേത് ദുരന്തത്തില്‍ വേദനയല്ലെ എന്നും സിദ്ധിഖ് ചോദിച്ചു. പ്രധാമന്ത്രി വയനാട് സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത് കൂടെയുണ്ട് എന്നാണ്. എന്നാല്‍ അത് സംസാരം കൊണ്ട് മാത്രമാണ് പ്രവര്‍ത്തി കൊണ്ടല്ല. ദുരന്തസ്ഥലത്ത് പെരുമാറേണ്ട മര്യാദയല്ല കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. തമിഴ്‌നാടിനും കര്‍ണാടകക്കും ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് ലഭിക്കാന്‍ സുപ്രീംകോടതി വരെ കേസിന് പോകേണ്ടി വന്നിട്ടുണ്ട്. ഇവിടെ നിയമപരമായ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കും. ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കും. കാരണം ഇതൊരു ദുരന്തമാണ്. സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ച നിയമസഭയില്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. അത് രാഷ്ട്രീയമായല്ല, എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് ദുരന്തബാധിതരോട് കാണിക്കാന്‍ പാടില്ലാത്ത ഹീനവും മനുഷ്യത്വരഹിതമായ നടപടിയുമാണ്. അതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും സിദ്ധിഖ് പറഞ്ഞു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം എന്നതായിരുന്നു സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഒരു ആവശ്യം. എന്നാല്‍ എന്തുകൊണ്ട് ഇതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം ചോദിച്ചു. ദുരന്തബാധിത മേഖലകളിലുള്ളവരുടെ കടങ്ങള്‍ എഴുതിതള്ളണമെന്നതായിരുന്നു മറ്റൊരു ആവശ്യം. എന്നാല്‍ അക്കാര്യത്തിലും ഒരു നടപടിയും സ്വീകരിച്ചില്ല. അടിയന്തരമായി 219 കോടി രൂപ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്ന് മാത്രമല്ല, ഒരു രൂപ പോലും നല്‍കിയില്ല. ഈ മൂന്ന് ആവശ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാന്‍ പോലും ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Leave a Reply