ധീരദേശാഭിമാനികൾ ജീവിതംകൊണ്ട് എഴുതിച്ചേർത്ത ചരിത്രം സംരക്ഷിക്കപ്പെടണം. വി.കെ.സന്തോഷ് കുമാർ
പനമരം:വീര കേരളവർമ്മ പഴശ്ശിരാജ, എടച്ചന കുങ്കൻ, തലക്കര ചന്തു അടക്കമുള്ള ധീരദേശാഭിമാനികൾ ജീവിതം കൊണ്ട് എഴുതിച്ചേർത്ത വയനാടിന്റെ പോരാട്ട ചരിത്രം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നടപടികൾ ഉണ്ടാകണമെന്ന് വയനാട് പൈതൃക സംരക്ഷണ കർമസമിതി സെക്രട്ടറി വി.കെ സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. പനമരത്ത് തലക്കര ചന്തു സ്മൃതിമണ്ഡപത്തിൽ നടന്ന 219-മത് തലക്കര ചന്തു അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുരാരേഖകളും ചരിത്രവും ജനപിന്തുണയും ഏറെയുണ്ടായിട്ടും തലക്കര ചന്തുവിനെപ്പോലുള്ള വീരബലിദാനികൾക്ക് സ്മാരകം പണിയാതിരിക്കുന്നത് ചില പ്രത്യയശാസ്ത്രങ്ങളുടെ കാർക്കശ്യവും നിഷേധാത്മകമായ നിലപാടുകളും കൊണ്ടാണ്.
അത്തരം പ്രത്യയശാസ്ത്രങ്ങൾ കാലഹരണപ്പെട്ട കാലത്ത് ദേശീയ മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള പരിശ്രമത്തിന് വേഗം വർദ്ധിക്കണം. തലക്കര ചന്തു ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടിയല്ല പോരാടിയതെന്നും നാടിന്റെ മോചനത്തിന് കാടിന്റെ മക്കളെ കൂട്ടി പടനയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നാടിനു വേണ്ടി പോരാടിയവരെ വിസ്മരിക്കുന്നതും അവഗണിക്കുന്നതും ഉചിതമല്ല.
അക്കാലത്ത് തലക്കര ചന്തുവിന്റെ നേതൃത്വത്തിൽ നടത്തിയ സാമൂഹ്യ പരിഷ്കരണ പരിശ്രമങ്ങളും കാർഷിക രംഗത്തെ ഉന്നമനത്തിന് നടത്തിയ പ്രവർത്തനങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ്. അത്തരം കാര്യങ്ങൾ കൂടുതൽ ആഴത്തിൽ പഠനവിധേയമാകുകയും അക്കാദമിക മേഖലകളിൽ ചർച്ച ചെയ്യേണ്ടതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൈതൃക സമിതി പ്രസിഡൻറ് എ.വി രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. വനവാസി വികാസകേന്ദ്രം സംസ്ഥാന രക്ഷാധികാരിമാരായ പള്ളിയറ രാമൻ, കെ. സി.പൈതൽ എന്നിവർ സംസാരിച്ചു. തലക്കര ചന്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി ആരണ്യപർവം നാടകം സംവിധാനം ചെയ്ത ശശിനാരായണനെ ചടങ്ങിൽ ആദരിച്ചു. പൈതൃക സമിതി എക്സിക്യൂട്ടീവ് അംഗം എം. വിനോദ് സ്വാഗതവും എ.ഗണേശൻ നന്ദിയും പറഞ്ഞു. രാവിലെ തലക്കര ചന്തു സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ നൂറോളം പേർ പങ്കെടുത്തു.
മുൻ വനിതാ കമ്മീഷൻ അംഗം രുഗ്മിണി ഭാസ്കരൻ, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹകാര്യവാഹ് എം. രജീഷ്, പ്രാന്ത ഘോഷ് പ്രമുഖ് ടി.സുബ്ബറാവു, വിഭാഗ് പര്യാവരൻ പ്രമുഖ് സി. കെ. ബാലകൃഷ്ണൻ. പ്രചാർ പ്രമുഖ് ശ്രീലേഷ്, ജില്ലാ കാര്യവാഹ് ആർ.കെ. അനിൽ, എസ്.ടി മോർച്ച സംസ്ഥാന അധ്യക്ഷൻ പള്ളിയറ മുകുന്ദൻ, വനവാസി വികാസകേന്ദ്രം ജില്ലാ അധ്യക്ഷൻ കേശവൻ കണിയാംകൊല്ലി, പി.രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
പനമരത്ത് തലക്കര ചന്തുവിന്റെ 219- മത് സ്മൃതിദിനത്തിൽ വയനാട് പൈതൃക സംരക്ഷണ കർമ്മസമിതിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു
Leave a Reply