ഭക്ഷ്യ വിഷബാധ*; *ഭക്ഷ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു*
മുട്ടിൽ :മുട്ടില്‍ ഡബ്ല്യു.ഒ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ജിനു സഖറിയ ഉമ്മന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഉച്ചഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് 63 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സനും സംഘവും സ്ഥലം സന്ദര്‍ശിച്ച് എ.ഡി.എം. കെ.ദേവകിയോട് ഭക്ഷ്യവിഷബാധ സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ നിമിത്തം കുട്ടികള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതായി കമ്മീഷന്‍ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലം ലഭ്യമാകാനുണ്ട്. ചികിത്സയില്‍ കഴിയുന്ന കുട്ടികളെ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും അവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആശുപത്രി അധികൃതരില്‍ നിന്നും വിവരങ്ങള്‍ ആരായുകയും ചെയ്തു.സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എ.ഡി.എം, ആരോഗ്യം, പൊതു വിദ്യാഭ്യാസം. പൊതു വിതരണം, വനിതാ ശിശു വികസനം, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. വിദ്യാലയത്തിലെ ഉച്ചഭക്ഷണം തയ്യാറാക്കാനെടുക്കുന്ന ജല സ്രോതസ്സുകള്‍, ശുചിത്വപാലനം, കിണര്‍ വെള്ളത്തിന്റെ പരിശോധനകള്‍, വിദ്യാലയത്തിലെ കുടിവെള്ള ശുദ്ധീകരിണിയുടെ പരിപാലനം, സ്റ്റോര്‍ റൂം പരിപാലനം എന്നിവയെല്ലാം കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അവലോകനം ചെയ്തു. ഉച്ചഭക്ഷണ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുപ്പിച്ചിട്ടുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും സ്‌കൂള്‍ അധികൃതര്‍ പാലിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. വിദ്യാലയത്തിലെ കുടിവെള്ള സ്രോതസ്സുകളിലൊന്നായ കുഴൽക്കിണർ വെള്ളത്തിൽ ജൂലൈ മാസം ശേഖരിച്ച സാമ്പിളിൽ ഇ കോളി , കോളി ഫോം ബാക്ടീരയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാല്‍ ഇവ അടിയന്തിരമായി പരിഹരിക്കണം. ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കുകയും അപാകതകള്‍ പരിഹരിക്കുകയും വേണം. ഇതിനായി നവംബര്‍ 25 വരെ വിദ്യാലയം തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് എ.ഡി.എമ്മിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ നവംബര്‍ 25 ന് മുമ്പായി രേഖാമൂലം എ.ഡി.എമ്മിനെ അറിയിക്കണം. വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പത്ത് ദിവസത്തിനകം ഭക്ഷ്യ കമ്മീഷനെ അറിയിക്കാനും എ.ഡി.എമ്മിന് നിര്‍ദ്ദേശം നല്‍കി.
Leave a Reply