വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനൊപ്പം അന്താരാഷ്ട്ര അക്കഡമിക് കോൺഫറൻസും; നൂറിലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കും
ദ്വാരക: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിനോടനുബന്ധിച്ച് ഡിസംബർ 27, 28, 29 തീയതികളിൽ അന്താരാഷ്ട്ര അക്കഡമിക് കോൺഫറൻസും സംഘടിപ്പിക്കുന്നു. വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്കും വിദ്യാർഥികൾക്കും പ്രഫസർമാർക്കുമായാണ് അക്കഡമിക് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
ഇരുനൂറ്റി അമ്പതോളം പ്രബന്ധങ്ങൾ സമർപ്പിക്കപ്പെട്ടതിൽ നിന്നും 130 എണ്ണം അവതരണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. പതിനഞ്ചു മിനിട്ട് ദൈർഘ്യമുള്ള ലോംഗ് ടോക്ക്, ഏഴു മിനിട്ട് ദൈർഘ്യമുള്ള സ്പീഡ് ടോക്ക്, പോസ്റ്റർ പ്രസന്റേഷൻ എന്നിങ്ങനെ മൂന്നു തരം പ്രബന്ധാവതരണമാണ് ഉണ്ടാവുക. റിസർച്ച് സ്കോളർമാർക്കും ഫാക്കൽട്ടികൾക്കും വെവ്വേറെ കാറ്റഗറികളിലായാണ് പ്രബന്ധാവതരണം.
വയനാട് സാഹിത്യോത്സവം നടക്കുന്ന ദ്വാരകയിലെ രണ്ട് വേദികളാണ് അക്കഡമിക് കോൺഫറനസിനായി മാറ്റിവയ്ക്കുന്നത്. രാജ്യത്തുതന്നെ ആദ്യമായാണ് സാഹിത്യോത്സവത്തോടനുബന്ധിച്ച് അക്കഡമിക് കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് കെ. ജോസ് പറഞ്ഞു.
ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇക്കോളജി, മാധ്യമങ്ങൾ, ആശയവിനിമയം, നിയമം, സാമ്പത്തികം, സാഹിത്യം, സിനിമ, ഫിലോസഫി, എൻജിനിയറിംഗ്, വിദ്യാഭ്യാസം, ആരോഗ്യം, കല, സൈക്കോളജി, സാങ്കേതികവിദ്യ, ബിസിനസ് തുടങ്ങിയ വിവിധ മേഖലകളിലാണ് പ്രബന്ധങ്ങൾ ക്ഷണിച്ചിരുന്നത്.
ലണ്ടൻ കിംഗ്സ് കോളജ് പ്രഫസർ ക്രിസ്റ്റോഫ് ജാഫർലോട്ട്, ഹാർവാർ്ഡ് യൂണിവേഴ്സിറ്റി പ്രഫസർ കരോലിൻ ബക്കി, ന്യൂയോർക്ക് വസർ കോളജ് ഇംഗ്ലീഷ് സാഹിത്യം ചെയർ അമിതാവ കുമാർ തുടങ്ങിയവർ അക്കാഡമിക് കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.
Leave a Reply