കുടിൽ പൊളിച്ച സംഭവം; സുരക്ഷിതത്വം മുൻനിർത്തി ചെയ്തത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് വനം വകുപ്പ്.
മാനന്തവാടി :വനത്തിൽ താൽക്കാലികമായുണ്ടാക്കിയ കുടിലുകൾ പൊളിച്ച സംഭവത്തിൽ
സുരക്ഷിതത്വം മുൻനിർത്തി ചെയ്തത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് വനം വകുപ്പ്.
ബേഗൂർ കൊള്ളിമൂലയിലെ ആദിവാസികുടിലുകൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ വനംവകുപ്പിനു വീഴ്ചയുണ്ടായിട്ടില്ലെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററും വയനാട് വൈൽഡ് ലൈഫ് വാർഡനുമായ വരുൺ ഡാലിയ അറിയിച്ചു.
കഴിഞ്ഞ ജൂലായ് മുതലാണ് ലക്ഷ്മി, മീനാക്ഷി, ഇന്ദിര എന്നിവരുടെ കുടുംബങ്ങൾ വനത്തിൽ താത്കാലിക കുടിൽകെട്ടി താമസം തുടങ്ങിയത്. വീടിന്റെ പണി പൂർത്തിയാവാത്തതിനാലും കുടുംബങ്ങളിലെ സ്ഥലപരിമിതിയും കാരണമാണ് ഇവർ വനത്തിനുള്ളിൽ താമസംതുടങ്ങിയത്. വന്യജീവികളുടെ സ്ഥിരംസഞ്ചാരപാതയായതിനാൽ ഇവിടെനിന്ന് മാറിത്താമസിക്കാൻ കുടുംബങ്ങൾക്ക് നിർദേശം നൽകിയിരുന്നു. സുരക്ഷിതത്വം കണക്കിലെടുത്ത് ഇവർ മുൻപുതാമസിച്ചിരുന്ന കൊള്ളിമൂലയിലേക്ക് മാറിത്താമസിക്കാനാണ് ആവശ്യപ്പെട്ടത്.
താത്കാലികകുടിലുകൾ വനംവകുപ്പ് നിർമിച്ചുനൽകും എന്ന ഉറപ്പിൽ മാറിത്താമസിക്കാൻ 23-ന് കുടുംബം സന്നദ്ധതയറിയിക്കുകയും 24-ന് കുടിലുകൾ പൊളിച്ചുനീക്കുകയുമായിരുന്നു. വനപാലകരോട് പറഞ്ഞതനുസരിച്ച് ലക്ഷ്മിയും കുടുംബവും നിർമാണം പാതിവഴിയിലായ വീട്ടിലേക്കും ഇന്ദിരയും കുടുംബവും ഭർത്താവ് അനീഷിന്റെ സഹോദരി ശാന്തയുടെ വീട്ടിലേക്കും മീനാക്ഷി ബന്ധുവായ കമലയുടെ വീട്ടിലേക്കും മാറിത്താമസിച്ചു.
പൊളിച്ച കുടിലുകൾക്കുപകരം പുതിയ കുടിലുകൾ വനംവകുപ്പ് നിർമിക്കുന്നതിനിടെ വിവിധ രാഷ്ട്രീയപ്പാർട്ടികൾ സമരം നടത്തിയതിനാൽ കുടിൽനിർമാണം നിർത്തിവെക്കേണ്ടിവന്നു. പിന്നീടുണ്ടായ ചർച്ചയെത്തുടർന്ന് കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് കുടിലിന്റെ പണി പൂർത്തിയാവുന്നതുവരെ ഡോർമിറ്ററിയിൽ താമസിക്കാനുള്ള സൗകര്യവുമൊരുക്കി.
കുടിൽ വേണ്ടെന്നും പണിപൂർത്തിയാവാതെ കിടക്കുന്ന വീടിനു മൂന്നുവാതിലും അടുക്കളയ്ക്കായി താത്കാലിക ഷെഡും നിർമിച്ചുതരണമെന്നാണ് ലക്ഷ്മി ആവശ്യപ്പെട്ടത്. ഈസൗകര്യങ്ങൾ വീട്ടിലൊരുക്കിയതായും മീനാക്ഷി, ഇന്ദിര എന്നിവർക്ക് നിർമിച്ച താത്കാലികകുടിലുകളിൽ കുടുംബങ്ങൾ താമസംമാറ്റിയതായും വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
വനംവകുപ്പ് ആദിവാസികുടുംബങ്ങൾക്കു നൽകിയ എല്ലാ ഉറപ്പുകളും പാലിച്ചതായും കോളനിവാസികളുടെ സുരക്ഷ മുൻനിർത്തിചെയ്ത കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
Leave a Reply