ദുരന്തനിവാരണമല്ല ദുരന്തലഘൂകരണമാണ് ആവശ്യം- സ്പീക്കർ എ.എം. ഷംസീർ
കല്പറ്റ:ദുരന്തനിവാരണമല്ല ദുരന്തലഘൂകരണമാണ് ആവശ്യമെന്ന് സ്പീക്കർ എ.എൻ. ഷംസീർ . ‘വയനാട് സുരക്ഷിതം’ പ്രസ് ക്ലബ് കോണ്ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“സമാനതകളില്ലാത്ത ദുരന്തമാണ് മുണ്ടക്കൈ- ചൂരൽ മലയിൽ ഉണ്ടായത്. രാഷ്ട്രീയ ഭേദമില്ലാതെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ള നിരവധി ആളുകള് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് സഹായം നൽകി.
ഇന്ത്യയില് ഫെഡറല് സംവിധാനമാണുള്ളത്. കേന്ദ്രത്തിന് സംസ്ഥാനത്തെ സഹായിക്കേണ്ട ഉത്തരവാദിത്തമുണ്ട്. ദുരന്താനന്തര ആവശ്യങ്ങളുടെ വിലയിരുത്തല് (പോസ്റ്റ് ഡിസാസ്റ്റര് നീഡ് അസസ്സ്മെന്റ്) ഇല്ലെന്നുപറഞ്ഞ് കേന്ദ്രം സഹായം വൈകിപ്പിക്കുകയാണ്. കുറ്റപ്പെടുത്തലുകളുടെ സമയമല്ലിതെന്നും സ്പീക്കര് പറഞ്ഞു.
ഇന്ത്യന് ന്യൂസ് പേപ്പര് സൊസൈറ്റി ചെയര്മാനായി തിരഞ്ഞെടുക്കപ്പെട്ട മാതൃഭൂമി മാനേജിങ് ഡയറക്ടര് എം.വി. ശ്രേയാംസ്കുമാറിനെ ചടങ്ങില് ആദരിച്ചു. സ്പീക്കര് എ.എൻ. ഷംസീര് എം.വി. ശ്രേയാംസ്കുമാറിന് ഉപഹാരം നല്കി. മുണ്ടക്കൈ- ചൂരല്മല ഉരുള്പൊട്ടല് ദുരന്തത്തിന് ശേഷവും വയനാട് സുരക്ഷിതമാണെന്ന് ലോകത്തെ അറിയിക്കുന്നതിനും ടൂറിസം മേഖലയില് ഉള്പ്പെടെയുള്ള വികസന സാധ്യതകള് ചര്ച്ച ചെയ്യുന്നതിനുമാണ് കോണ്ക്ലേവ് സംഘടിപ്പിച്ചത്.
ദുരന്തലഘൂകരണം കാലഘട്ടത്തിന്റെ ആവശ്യകത- എം.വി. ശ്രേയാംസ്കുമാര്
ദുരന്തലഘൂകരണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് എം.വി. ശ്രേയാംസ്കുമാര് അഭിപ്രായപ്പെട്ടു. എന്നാൽ അതിന് തീരുമാനമെടുക്കാൻ എത്ര രാഷ്ട്രീയ പാർട്ടികൾക്ക് ധൈര്യമുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഗാഡ്ഗില് റിപ്പോര്ട്ടിന്റെ കാതല് തള്ളികളയാനാവില്ല. സമ്മര്ദങ്ങള് മൂലം ദുരന്തലഘൂകരണ പ്രവര്ത്തനം വിദൂരതയില് നില്ക്കുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങള് ഉണ്ടാകുമ്പോള് പ്രാദേശിക തലത്തില് എന്തു ചെയ്യാനാകുമെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില് ഭാഷാ പത്രങ്ങള് വളര്ന്നുകൊണ്ടിരിക്കുകയാണ്. വിതരണം, അച്ചടിയുടെയും പേപ്പറിന്റേയും ചെലവ് വര്ധിക്കുന്നത് ഉള്പ്പെടെയുള്ള പ്രശ്നങ്ങള് ഒരുഭാഗത്തുള്ളപ്പോഴും പത്രങ്ങള്ക്ക് നിലനില്പ്പുണ്ട്. വിശ്വസനീയമായ കാര്യങ്ങളാണ് പത്രത്തിൽ വരുന്നത്. തെറ്റുപറ്റിയാൽ തിരുത്തുന്നതാണ് മാധ്യമപ്രവർത്തനരീതിയെന്നും അദ്ദേഹം പറഞ്ഞു.
വികസനം പ്രാദേശികമാകണം – വി.ഡി. സതീശൻ
വികസനം പ്രാദേശികമാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വയനാട് പ്രസ് ക്ളബ്ബ് നടത്തിയ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം കേവലം കെട്ടിടനിർമിതിയല്ല. ഇരകളില്ലാത്ത വികസനമാണ് വേണ്ടത്. രാജ്യത്ത് വികസനങ്ങളുടെ പേരിൽ കുടിയിറക്കപ്പെട്ടവർ ധാരാളമുണ്ട്. സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ അടയാളപ്പെടുത്തുന്നതാകണം വികസന സങ്കല്പമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിർമിതബുദ്ധിയും പ്രാചീന അറിവുകളും ചേർത്ത് പ്രായോഗികമായ സാധ്യതകൾ അന്വേഷിക്കണം. വിനോദസഞ്ചാരത്തിൽ പ്രാദേശികതയുടേയും സാംസ്കാരിക തനിമയുടേയും സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വയനാട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകന് കമാൽ വരദൂർ മോഡറേറ്ററായിരുന്നു. സി.പി.ഐ. നേതാവ് ആനി രാജ, ടി. സിദ്ദിഖ് എം.എല്.എ., വിനോദ് കെ. ജോസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സുരേഷ് എടപ്പാൾ, പ്രസ് ക്ളബ്ബ് സെക്രട്ടറി ജോമോൻ ജോസഫ്, ട്രസ്റ്റി ജിതിൻ ജോസ് എന്നിവർ സംസാരിച്ചു.
സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ, ആർ.ജെ.ഡി. ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് പി.കെ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply