ആശയക്കുഴപ്പത്തിൽ ആയുഷ്മാൻ ഭാരത് : വയോവന്ദന കാർഡ് എടുത്തവർ ത്രിശങ്കുവിൽ
ബത്തേരി:70കഴിഞ്ഞവർക്കെല്ലാം 5 ലക്ഷം രൂപയുടെ ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജനാരോഗ്യ യോജന സൗജന്യ ചികിത്സാ കവറേജെന്ന കേന്ദ്ര പ്രഖ്യപനത്തെ തുടർന്ന് വയോവന്ദന കാർഡെടുത്തവർ ത്രിശങ്കുവിൽ. സംസ്ഥാന സർക്കാരിൽ നിന്ന് കൃത്യമായ ഉത്തരവുകൾ ലഭിക്കാത്തതിനാൽ ഇൻഷുറൻസ് സഹായം ലഭിക്കുന്നില്ല. വയോവന്ദന കാർഡെടുത്തവർ നിലവിൽ ലഭിച്ചു കൊണ്ടിരുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും (കാസ്‌പ്) ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ രണ്ടും ലഭിക്കില്ലെന്ന അവസ്ഥയായിരുന്നു അടുത്ത ദിവസം വരെ. എന്നാൽ വയോവന്ദന എടുത്താലും കാരുണ്യയുടെ ആനുകൂല്യം തടയരുതെന്നാണ് നിർദേശം.
വയോവന്ദന കാർഡെടുക്കാൻ
ജില്ലയിലെ അക്ഷയ
ഉൾപ്പെടെയുള്ള പൊതു സേവന
കേന്ദ്രങ്ങളിലെല്ലാം 70
കഴിഞ്ഞവരുടെ കൂട്ടത്തോടെയുള്ള
അന്വേഷണങ്ങളാണെത്തുന്നത്.
സംസ്ഥാന സർക്കാരിന്റെ
നിർദേശമില്ലാതെ
കാർഡെടുക്കരുതെന്നാണ്
അക്ഷയ കേന്ദ്രങ്ങൾ മുന്നറിയിപ്പ്
നൽകുന്നത്. എന്നാൽ കേന്ദ്ര
ഓൺലൈൻ പോർട്ടലിൽ
റജിസ്ട്രേഷൻ
നടക്കുമെന്നതിനാൽ
നൂറുകണക്കിന് പേർ ആപ്
ഡൗൺലോഡ് ചെയ്ത‌്
സ്വന്തമായും പൊതു സേവന
കേന്ദ്രങ്ങളിൽ വഴിയും
കാർഡുകളെടുക്കുകയാണ്. എന്തു
ചെയ്യണമെന്ന് ഇപ്പോൾ
കൃത്യമായി പറയാൻ
കഴിയില്ലെന്നാണ് അധികൃതരുടെ
വിശദീകരണം. സംസ്‌ഥാനസർക്കാരിന്റെ കൃത്യമായ മാർഗ നിർദേശം വരാത്തതാണ് കാരണം. വയോ വന്ദനത്തിന് വരുമാന പരിധികളില്ല.
അതിനാൽ തന്നെ 70 കഴിഞ്ഞ ആർക്കും ചേരാം. രാജ്യത്ത് ഇതുവരെ 25 ലക്ഷത്തിലധികം പേർ കാർഡെടുത്തു കഴിഞ്ഞു. സംസ്ഥാന വിഹിതവുമായി ബന്ധപ്പെട്ടും വരുമാന പരിധിയില്ലാരെ എല്ലാവരെയും ഉൾപ്പെടുത്തുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയുമാണ് സംസ്‌ഥാന സർക്കാരിന് അന്തിമ തീരുമാനമെടുക്കാൻ കഴിയാത്തതെന്നാണ് വിവരം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന കാരുണ്യ പദ്ധതി അംഗങ്ങൾക്ക് ഇപ്പോഴും ആനുകൂല്യം ലഭിക്കുന്നുണ്ടെങ്കിലും 2019 മുതൽ അതിൽ പുതിയറജിസ്ട്രേഷനുകൾ എടുത്തിട്ടില്ല. അതിനാൽ തന്നെ നിർധനരായ പല കുടുംബങ്ങൾക്കും കാസ്‌പ് ആനുകൂല്യവും ലഭിക്കാത്ത സ്ഥിതിയുണ്ട്.
Leave a Reply