യുവ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി രണ്ടിന് തുടങ്ങും
കല്‍പ്പറ്റ: വയനാട് യൂണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ് ഗ്രാസ്‌റൂട്ട് പ്രോഗ്രാമിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു സംഘടിപ്പിക്കുന്ന സ്‌കാംപിലോ യുവ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി രണ്ട് മുതല്‍ ഫെബ്രുവരി രണ്ടുവരെ മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടത്തും. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ. റഫീഖ്, വൈസ് പ്രസിഡന്റ് നാസര്‍ കല്ലങ്കോടന്‍, യൂണൈറ്റഡ് എഫ്‌സി ചെയര്‍മാന്‍ സി.കെ. ഷമീം ബക്കര്‍, ഹെഡ് കോച്ച് ഡെയ്‌സണ്‍ ചെറിയാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
മീനങ്ങാടി ജിഎച്ച്എസ്എസ്, പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ്, പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ്, മുട്ടില്‍ ഡബ്ല്യുഎംഒ വിഎച്ച്എസ്എസ്, ഏച്ചോം സര്‍വോദയ എച്ച്എസ്എസ്, വെള്ളമുണ്ട ജിഎംഎച്ച്എസ്എസ്, തലപ്പുഴ ജിഎച്ച്എസ്എസ്, പനമരം ജിഎച്ച്എസ്എസ്, പൂക്കോട് ഇആര്‍എംഎസ്, കല്‍പ്പറ്റ എസ്‌കെഎംജെ എച്ച്എസ്എസ്, ബത്തേരി സര്‍വജന വിഎച്ച്എസ്എസ്, പുല്‍പ്പള്ളി വിജയ എച്ച്എസ്എസ് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ദിവസവും വൈകുന്നേരം നാലിനാണ് മത്സരം. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളാണ് ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഏകദേശം അഞ്ച് ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുന്നത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആറ് കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ് നല്‍കി റസിഡന്‍ഷ്യല്‍ അക്കാദമിക് കോച്ചിംഗ് ലഭ്യമാക്കും. കുട്ടികള്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ യുണൈറ്റഡ് എഫ്‌സി അണ്ടര്‍-17, അണ്ടര്‍-21, ഫോര്‍കാ കൊച്ചിന്‍ തുടങ്ങിയ ടീമുകളില്‍ കളിക്കാന്‍ അവസരം ഒരുക്കും. ടീമുകളുടെ ജഴ്‌സി പ്രകാശനം നടത്തിയതായും യുണൈറ്റഡ് എഫ്‌സി ചെയര്‍മാന്‍ പറഞ്ഞു.
Leave a Reply