വയലും തോടും പുഴയും കടന്ന് വ്യത്യസ്ത അനുഭവമായി ഹെറിറ്റേജ് വാക്ക്
ദ്വാരക: വയനാട് സാഹിത്യോത്സവം നടക്കുന്ന വേദിയിൽ നിന്ന് തുടങ്ങി വയലുകളും തോടും കടന്ന് കബനീ നദിക്കരയിലൂടെ എട്ടു കിലോമീറ്ററോളം ദൂരം നടന്ന് പഴശീ പാർക്കിലെത്തിയ ‘ഹെറിറ്റേജ് വാക്ക്’ വ്യത്യസ്ത അനുഭവമായി.
ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസിൻ്റെ നേതൃത്വത്തിൽ നടത്തിയ പാരമ്പര്യ നടത്തത്തിൽ കർഷക സമര നേതാവ് സുഖ്ദേവ് സിംഗ് കോക്രി, സാഹിത്യകാരായ പി.കെ. പാറക്കടവ്, വീരാൻകുട്ടി, ഷീല ടോമി, സംവിധായകൻ ജിയോ ബേബി, പിന്നണി ഗായിക രഷ്മി സതീഷ്, പി.സി സനത് തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ഭാഗമായി.
പഴശിരാജാവിൻ്റെ പടയാളികളുടെ പിൻമുറക്കാർ താമസിക്കുന്ന മണൽവയൽ കുറിച്യ തറവാട് സന്ദർശിച്ച ശേഷമാണ് സംഘം നെൽപ്പാടങ്ങൾക്കിടയിലൂടെ യാത്ര തുടർന്നത്. ഗായിക രഷ്മി സതീഷ് യാത്രയ്ക്കിടയിൽ ഗാനമാലപിച്ചു.
സ്ത്രീകൾ വീടിനു പുറത്ത് സജീവമല്ലാതിരുന്ന 1960കളിൽ കന്നുകാലി കച്ചവടത്തിലേക്ക് കടന്ന ഏലിക്കുട്ടി എന്ന 98കാരിയെ സന്ദർശിച്ച സംഘം കബനീനദിക്കരയിലൂടെ മാനന്തവാടി പഴശി പാർക്കിൽ യാത്ര അവസാനിപ്പിച്ചു.
വയനാട് സാഹിത്യോത്സവത്തിന്റെ ഒന്നാം പതിപ്പിൽ നടന്ന ഹെറിറ്റേജ് വാക്കിൽ അരുന്ധതി റോയി, പത്മശ്രീ ചെറുവയൽ രാമൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
Leave a Reply