ജീവൻ നഷ്ടപ്പെടുമ്പോഴും വനം വകുപ്പ് നിസംഗത തുടരുന്നു: പി.കെ.എ.അസീസ്
മാനന്തവാടി: വനാതിർ ത്തികളിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിലും ഇടക്കിടക്ക് വന്യമൃഗങ്ങളാൽ മനുഷ്യ ജീവനുകൾ പൊലിയുന്നത് തടയാനും വനം വകുപ്പ് പരാജയപ്പെട്ടിരിക്കയാണെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് കുറ്റപ്പെടുത്തി. അനിഷ്ട സംഭവങ്ങൾ ഉണ്ടാവുമ്പോൾ മാത്രം ഉണരുന്ന വനം മന്ത്രിയും വനം വകുപ്പും കുറ്റകരമായ അനാസ്ഥയും നിസംഗതയും വെടിയണം. ശാശ്വത പരിഹാരം തേടിയുള്ള ജനങ്ങളുടെ മുറവിളി വനം വകുപ്പ് അധികൃതരുടെ കർണ്ണ ബധിരങ്ങളിൽ ഏശാതെ പോവുകയാണ്. ഇന്നലെയും തലേന്നുമായി മൂന്ന് പേരാണ് കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്. വയനാട്ടിലെ നൂൽപുഴയിൽ മനു (45), ഇടുക്കി പെരുവന്താനത്ത് സോഫിയ ഇസ്മയിൽ(45) തിരുവനന്തപുരം പാലോട്ട് ബാബു (54) എന്നിവരാണ് കാട്ടാനയാൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 114 പേരെ കേരളത്തിൽ കാട്ടാന കൊന്നിട്ടുണ്ടെന്ന് കേന്ദ വനം – പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നുണ്ട്. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിന് നടപ്പാക്കുന്ന മിഷൻ എഫ്.എഫ്.ഡബ്ലിയു പദ്ധതി പൂർത്തിയാക്കാൻ അടിയന്ത നടപടി ഉണ്ടാവണം.
വന്യജീവി ആക്രമണങ്ങളിൽ ജീവൻ പൊലിയുന്നവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാവുന്നില്ല. ഒരു വർഷം മുൻപ് കാട്ടാനയാൽ കൊല്ലപ്പെട്ട വയനാട് പടമലയിലെ അജീഷിന്റെ കുടുംബങ്ങൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾക്കായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. മലയോരങ്ങളിൽ ജനങ്ങൾ ഭീതിയിലും ദുരിതത്തിലുമാണ് കഴിയുന്നത്. വീടുകളിൽ താമസിക്കാനോ .കൃഷിയിറക്കാനോ കഴിയാത്ത സാഹചര്യമാണ് മലയോരങ്ങളിലെന്ന് അദ്ദഹം പറഞ്ഞു.





Leave a Reply