വന്യജീവി ആക്രമണം; ഭരണകൂടം കർത്തവ്യം മറക്കുന്നു- എസ്.മുനീർ
കൽപ്പറ്റ:- നൂൽപ്പുഴ പഞ്ചായത്തിൽ ആദിവാസി യുവാവ് മനു കൊല്ലപ്പെട്ട സംഭവത്തിൽ പൂർണ്ണ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും മനുഷ്യജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട ഭരണകൂടം കടമയും കർത്തവ്യവും മറക്കുകയാണെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി എസ്.മുനീർ.
ജില്ലയിൽ വന്യജീവി ആക്രമണങ്ങളിൽ ജീവൻ പൊലിയുന്നത് നിത്യസംഭവമായ് മാറിയിരിക്കുന്നു. കർഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാർ ഏതു നിമിഷവും ജീവഹാനി സംഭവിക്കുമെന്ന ഭീതിയിലാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. മരണാനന്തര നഷ്ടപരിഹാരമല്ല പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാണ് കണ്ടെത്തേണ്ടത്. ജില്ലയിലെ പല പ്രദേശങ്ങളും കടുവ ഭീഷണിയിലാണ്. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ നിലവിലുള്ള സർക്കാർ സംവിധാനങ്ങൾ പര്യാപ്തമല്ല. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ കൂടും ക്യാമറയും സ്ഥാപിക്കൽ മാത്രമല്ല ഭരണകൂട ബാധ്യത. സ്വതന്ത്രജീവിതവും സുരക്ഷയും നഷ്ടപ്പെടുമ്പോഴും, നഷ്ടപരിഹാര തൃപ്തിയല്ല, പൊതുജനം നിയമവാഴ്ചയെ ബഹുമാനിക്കുന്നതുകൊണ്ട് മാത്രമാണ് ജില്ലയിൽ ക്രമസമാധാനം നിലനിൽക്കുന്നത്. വനനിയമങ്ങൾ കൂടുതൽ ശക്തമാക്കുകയല്ല കാലോചിതമായി ഭേദഗതി ചെയ്യുകയാണ് വേണ്ടത്. വന്യമൃഗ സംരക്ഷണമല്ല മനുഷ്യ ജീവനാണ് പ്രധാനമെന്നും സർക്കാർ നിസ്സംഗത തുടർന്നാൽ ജനങ്ങൾക്കു വേണ്ടി പാർട്ടി തെരുവിലിറങ്ങുമെന്നും എസ്.മുനീർ പറഞ്ഞു.





Leave a Reply