ഹരിത ഗ്രന്ഥശാലകളുമായി നവകേരളം: മാലിന്യമുക്ത ക്യാമ്പയിനിന് തുടക്കം
കൽപ്പറ്റ :ഹരിത കേരളം മിഷന്റെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും സംയുക്ത നേതൃത്വത്തിൽ നടത്തുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പദ്ധതിയിലൂടെ ജില്ലയിലെ ഗ്രന്ഥശാലകൾ ഹരിത ഗ്രന്ഥശാലകളാക്കുന്നതിന്റെ ഭാഗമായി ഹരിത ഗ്രന്ഥശാല ജില്ലാതല ശില്പശാല ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ ജില്ലാ ലൈബ്രറി കൗൺസിൽ വച്ച് നിർവഹിച്ചു.
ഹരിത ഗ്രന്ഥശാലയുടെ പ്രവർത്തനത്തിൽ ഹരിത പ്രോട്ടോക്കോൾ നടപ്പാക്കൽ, ഗ്രന്ഥശാലകളോട് ചേർന്നുള്ള പൊതു ഇടങ്ങൾ, കവലകൾ, ടൗണുകൾ മുതലായവ സൗന്ദര്യവത്കരിക്കൽ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഗ്രന്ഥശാലാ പ്രവർത്തകരുടെ വീടുകൾ ഹരിത മാതൃകയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോട് കൂടെ നടപ്പാക്കുന്നത്.
ജില്ലയിൽ ആദ്യഘട്ടത്തിൽ 30 ഗ്രന്ഥശാലകളെയാണ് തിരഞ്ഞെടുത്തത്. തുടർന്ന് ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളിലും ഹരിത ഗ്രന്ഥശാല പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഓരോ ഗ്രന്ഥശാലയിലും ഹരിത ഗ്രന്ഥാലയം കർമസമിതി രൂപീകരിച്ച് പൊതുജനങ്ങൾ, ഗ്രന്ഥശാലകൾ, അംഗങ്ങൾ , ബാലവേദി, വനിതാ വേദി, യുവജന വേദി തുടങ്ങിയ വിഭാഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഗ്രന്ഥശാലകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
ഒറ്റത്തവണ നിരോധിത വസ്തുക്കൾ ഗ്രന്ഥശാലകളിൽ പൂർണ്ണമായും ഒഴിവാക്കുക, ഗ്രന്ഥശാലകളിൽ നടക്കുന്ന യോഗങ്ങളും മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിക്കുക, അജൈവ മാലിന്യം തരംതിരിച്ച് ഹരിതകർമസേനക്ക് കൈമാറുക, ജൈവ കൃഷി, പൂന്തോട്ട നിർമ്മാണം മറ്റ് സൌന്ദര്യവത്ക്കരണ പ്രവർത്തനങ്ങൾ മുതലായവ നടപ്പാക്കും.
ഹരിത പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഗ്രന്ഥശാലകളെ ഹരിതകേരളം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനവും സംയുക്തമായി വിലയിരുത്തി ഹരിത പദവി സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.
ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡണ്ട് ടി ബി സുരേഷ് അധ്യക്ഷനായ ചടങ്ങിൽ നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ സുരേഷ്ബാബു ക്യാമ്പയിൻ വിശദീകരണം നടത്തി. വൈത്തിരി താലൂക് ലൈബ്രറി കൌൺസിൽ സെക്രെട്ടറി സി എം സുമേഷ് നന്ദി പറഞ്ഞു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ കെ ജി ആതിര പി എം മഞ്ജു എന്നിവർ നേതൃത്വം നല്കി.





Leave a Reply