വയനാടന്‍ വനങ്ങളില്‍ കഴുകന്‍മാരുടെ എണ്ണത്തില്‍ വര്‍ധന
കല്‍പറ്റ: വയനാടന്‍ വനങ്ങളില്‍ കഴുകന്‍മാരുടെ എണ്ണത്തില്‍ വര്‍ധന. വനം-വന്യജീവി സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വന്യജീവി സങ്കേതത്തിലും സൗത്ത്, നോര്‍ത്ത് വനം ഡിവിഷനുകളിലും കഴിഞ്ഞ 26, 27, 28 തീയതികളില്‍ നടന്ന സര്‍വേയില്‍ 113 കഴുകന്‍മാരെ കാണാനായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നന്ന സര്‍വേയില്‍ 53 കഴുകന്‍മാരുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. ഒരു വര്‍ഷത്തിനിടെ കഴുകന്‍മാരുടെ എണ്ണം ഇരട്ടിയില്‍ അധികമായാണ് വര്‍ധിച്ചത്. മെച്ചപ്പെട്ട ആവാസ വ്യവസ്ഥയും ഭക്ഷണ ലഭ്യതയുമാണ് ഇതിനു കാരണമെന്ന് കരുതുന്നതായി ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി.ആര്‍. ജയന്‍ പറഞ്ഞു. വനത്തില്‍ 18 ക്യാമ്പുകള്‍ കേന്ദ്രീകരിച്ചാണ് സര്‍വേ നടന്നത്. ഒരോ ക്യാമ്പിലും വിദഗ്ധനും കാമറപേഴ്‌സണും ഉള്‍പ്പെടുന്ന നാലംഗ ‘ സംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്. വനത്തില്‍ എല്ലായിടത്തുമായി 96 ചുട്ടിക്കഴുകന്‍മാരെയും 17 കാതില കഴുകന്‍മാരെയും ആറ് തവിട്ടുകഴുകനെയുമാണ് സര്‍വേ സംഘങ്ങള്‍ കണ്ടത്.
ദക്ഷിണേന്ത്യയില്‍ അവശേഷിക്കുന്ന കഴുകന്‍മാരുടെ മുഖ്യ ആവാസവ്യവസ്ഥയാണ് വയനാടന്‍ കാടുകള്‍. രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതെ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ജീവിവര്‍ഗമാണ് കഴുകന്‍. വംശനാശ ഭീഷണി നേരിടുന്ന പക്ഷിയിനമാണിത്. വന്യജീവി സങ്കേതത്തിലെ കാക്കപ്പാടം, അയ്യപ്പന്‍പാറ, പുഞ്ചവയല്‍, കല്ലുമുക്ക്, ഒട്ടിപ്പാറ, നല്ലതണ്ണി, ദോഡ്ഡക്കുളസി, ദൊഡ്ഡാടി, മരഗദ്ദ, എടകൊമ്പം വനങ്ങള്‍ കഴുകന്‍മാരുടെ പ്രധാന ആവാസ ആവാസകേന്ദ്രങ്ങളാണ്. ഇത്തവണ സര്‍വേയില്‍ മുത്തങ്ങ, ഗോളൂര്‍, ദോഡ്ഡക്കുളസി പ്രദേശങ്ങളിലാണ് കൂടുതല്‍ കഴുകന്‍മാരെ കണ്ടത്. സര്‍വേ നടന്ന 18 വനമേഖലകളില്‍ 13 എണ്ണത്തിലാണ് കഴുകന്‍മാര്‍ സര്‍വേ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ 12 വനമേഖലകള്‍ വന്യജീവി സങ്കേതത്തിലാണ്.





Leave a Reply