തൊഴിലാളികളെ പീഡിപ്പിക്കുന്ന അശാസ്ത്രീയ നിയമപരിഷ്‌കരണങ്ങളും സര്‍ക്കുലറുകളും പിന്‍വലിക്കണം: പി.പി ആലി
കല്‍പ്പറ്റ: മോട്ടോര്‍ തൊഴിലാളികളുടെ തൊഴിലിന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ അശാസ്ത്രീയ നിയമപരിഷ്‌കരണങ്ങളും സര്‍ക്കുലറുകളും ഇറക്കി തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഐഎന്‍ടിയുസി വയനാട് ജില്ലാ പ്രസിഡണ്ട് പി.പി ആലി.വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ കല്‍പ്പറ്റ ആര്‍ടിഒ ഓഫീസ്, മാനന്തവാടി ആര്‍ടിഒ ഓഫീസ്, ബത്തേരി ആര്‍ടിഒ ഓഫീസ് എന്നിവിടങ്ങളിലേക്ക് നടന്ന മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ആര്‍ടിഒ ഓഫീസിന് മുന്‍പില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായിലെ ടാക്സി കേബുകളില്‍ കണ്ട മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സൗജന്യ യാത്ര എന്ന സ്റ്റിക്കര്‍ കേരളത്തിലെ മുഴുവന്‍ ഓട്ടോറിക്ഷകളിലും പതിക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്ക് പ്രജ്ഞ നഷ്ടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരപ്രദേശങ്ങളില്‍ പൂര്‍ണ്ണമായും മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മലയോര പ്രദേശങ്ങളിലാണ് നാമമാത്രമായി മീറ്റര്‍ കമ്പ്ലൈന്റ് വരുന്ന സാഹചര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സമയങ്ങളില്‍ മീറ്റര്‍ പ്രവര്‍ത്തനരഹിതമാകുന്നത്. അത്തരം നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നിയമാനുസൃതനടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഉട്ടോപ്യന്‍ നിയമങ്ങളും സര്‍ക്കുലറുകളും ഇറക്കി തൊഴിലാളികളുടെ ക്രെഡിബിലിറ്റി തകര്‍ക്കുന്നതിനും ഇത്തരത്തിലുള്ള വിവാദ ഉത്തരവുകളിലൂടെ മോട്ടോര്‍ വാഹന വ്യവസ്ഥകള്‍ക്കെതിരെയുള്ള കടന്നുകയറ്റം നടത്തുന്നതിനും ശ്രമിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, മോഹന്‍ദാസ് കോട്ടക്കൊല്ലി,ജ്യോതിഷ് കുമാര്‍ വൈത്തിരി,ആര്‍ ഉണ്ണികൃഷ്ണന്‍, മുത്തലിബ് പഞ്ചാര, സി സി തങ്കച്ചന്‍, എസ് മണി, സുഹൈല്‍, നോറിസ് തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply