മാലിന്യ മുക്തം നവകേരളം: ഒഴക്കോടിയിൽ കർമ്മസമിതി രൂപീകരിച്ചു
മാനന്തവാടി: ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഒഴക്കോടി നാഷണൽ വായനശാലയിൽ കർമ്മസമിതി രൂപീകരിച്ചു. ഒഴക്കോടിയിലെ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോടെ പ്രദേശത്തെ സമ്പൂർണ മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം.
ഹരിത കർമ്മ സേന, കുടുംബശ്രീ, ആശാ വർക്കർമാർ, രാഷ്ട്രീയ പാർട്ടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാരികൾ, ആരാധനാലയങ്ങൾ, ട്രൈബൽ പ്രൊമോട്ടർമാർ, സന്നദ്ധ-സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
വായനശാലയുടെ പരിധിയിലുള്ള പ്രദേശം മാലിന്യമുക്തമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മുപ്പതാം വാർഡ് കൗൺസിലർ പുഷ്പാ രാജനെ ചെയർപേഴ്സനായും നാഷണൽ വായനശാല സെക്രട്ടറി രാജേഷ് കുമാറിനെ കൺവീനറായും തിരഞ്ഞെടുത്തു.
31-ാം വാർഡ് കൗൺസിലർ എം. നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.എം. മത്തായി മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ ലൈബ്രറി സമിതി പ്രസിഡന്റ് പി. രാജൻ പദ്ധതി വിശദീകരിച്ചു. സെക്രട്ടറി പി.ജെ. സബാസ്റ്റ്യൻ, കൗൺസിലർ പി.വി. ജോർജ്, നിഷ കെ.എസ് എന്നിവർ സംസാരിച്ചു. ഒഴക്കോടിയിലെ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.





Leave a Reply