August 17, 2026

ദുരന്ത പ്രദേശം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

0
Kj

 

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തികള്‍ക്ക് 27.52 കോടി രൂപയുടെ അനുമതിയായി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ – ചൂരല്‍മല പ്രദേശത്തെ വീണ്ടെടുക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാന ബജറ്റില്‍ 750 കോടി രൂപയാണ് മേഖലയുടെ പുനരധിവാസത്തിന് വകയിരുത്തിയിട്ടുള്ളത്. പുന്നപ്പുഴയില്‍ അടിഞ്ഞ ദുരന്താവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. റോഡുകള്‍, പാലം, അങ്കണവാടി, ഷെല്‍ട്ടര്‍ ഹോം, പൊതു ശ്മശാനം തുടങ്ങിയവ പുനര്‍നിര്‍മ്മിക്കും.

പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങള്‍ നീക്കാന്‍ 195.55 കോടി, തൊഴില്‍മേളയിലൂടെ 60 പേര്‍ക്ക് തൊഴില്‍, സര്‍ക്കാര്‍ ക്വാട്ടേഴ്‌സുകള്‍, വാടക വീടുകള്‍ എന്നിവിടങ്ങളിലേക്ക് മാറിയവര്‍ക്ക് താത്ക്കാലിക പുനരധിവാസത്തിന് 881 ഫര്‍ണിച്ചര്‍ കിറ്റുകള്‍, ദുരന്തത്തില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്കായി 12000 വ്യക്തിഗത കൗണ്‍സലിങ്ങ് സെഷനുകള്‍, മുണ്ടക്കൈ, വെള്ളാര്‍മല സ്‌കൂള്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നടന്നുവരുന്നത്.295 പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. 293 പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,12 വാര്‍ഡുകളിലെ 235 റോഡുകളുടെ കോണ്‍ക്രീറ്റ്, 31 ഡ്രൈനേജ്, 18 കള്‍വര്‍ട്ട് പ്രവൃത്തികള്‍ക്കായി 18.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. 154 റോഡുകളുടെ കോണ്‍ക്രീറ്റ്, 5 ഡ്രൈനേജ് എന്നിവയില്‍ 127 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. നാല് അങ്കണവാടികള്‍, മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍, ഒരു പൊതു ശ്മശാനം എന്നിവയ്ക്ക് പുതിയ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍പ്പെട്ട ചൂരല്‍മല, അട്ടമല ഭാഗങ്ങളില്‍ 232 പേര്‍ക്ക് തൊഴില്‍ നല്‍കി.

പുന്നപ്പുഴയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിച്ച 195.55 കോടി രൂപയുടെ പദ്ധതിയില്‍ അവശിഷ്ടങ്ങള്‍ നീക്കി നദിയുടെ ഒഴുക്ക് ശരിയായ ഗതിയിലാക്കുക, നദീ തീരത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കല്‍, നദിയുടെ പുനരുജ്ജീവനം, തീരത്തെ മണ്ണൊലിപ്പില്‍ നിന്നും സംരക്ഷിക്കല്‍, നദീ തീരം സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ദുരന്തത്തില്‍ 5.7 ദശലക്ഷം ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങളാണ് പുന്നപ്പുഴയാറില്‍ അടിഞ്ഞത്. ഉരുള്‍പൊട്ടലില്‍ പുഴ ഗതി മാറി 8 കിലോമീറ്ററോളം ഒഴുകിയിരുന്നു. മണ്ണൊലിപ്പ് മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കല്‍, വാസസ്ഥലങ്ങള്‍, കാര്‍ഷിക വിളകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കല്‍, നദിയുടെ ഗതി മാറ്റം തടയാന്‍ സാങ്കേതിക പരിശോധനകള്‍, വെള്ളത്തിന്റെ സഞ്ചാരം ഒരേ ദിശയിലേക്ക് പരിമിതപ്പെടുത്തല്‍, നദീതടത്തില്‍ നിന്നും ഭൂമി വീണ്ടെടുക്കല്‍ എന്നിവയും ലക്ഷ്യമാക്കുന്നു. ജലസേചന വകുപ്പാണ് നിര്‍വഹണം നടത്തുക. അതിതീവ്ര ദുരന്തങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന സാസ്‌കി ഫണ്ടില്‍ നിന്നും 65 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദുരന്ത നിവാരണ വിഭാഗം എന്നിവയില്‍ നിന്നും തുക വിനിയോഗിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *