ഗൂഗ്ള്‍ മാപ്പ് നോക്കി യാത്ര; വയനാട് സ്വദേശികള്‍ ചെന്നെത്തിയത് നിലമ്പൂര്‍ ഉള്‍വനത്തില്‍; രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്
നിലമ്പൂര്‍ : കല്യാണത്തിന് പോയ അധ്യാപകര്‍ വഴിതെറ്റി ചെന്നെത്തിയത് നിലമ്പൂര്‍ കരിമ്പുഴ ഉള്‍വനത്തില്‍. കനത്ത മഴയില്‍ കാര്‍ ചെളിയില്‍ പുതഞ്ഞതോടെ പുറത്തുകടക്കാന്‍ വഴിയില്ലാതായി. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സെത്തിയാണ് അധ്യാപകരെ രക്ഷപ്പെടുത്തിയത്.സുഹൃത്തിന്റെ കല്യാണം കഴിഞ്ഞ് രാത്രിയോടെ മടങ്ങുകയായിരുന്നു കല്‍പ്പറ്റ ഉമ്മുല്‍ഖുറ അറബിക്ക് കോളേജിലെ അഞ്ച് അധ്യാപകര്‍.ഗൂഗിള്‍ മാപ്പ് കാണിച്ച വഴിയിലൂടെ കൈപ്പിനി- അകംപാടം വഴിയാണ് ഇവര്‍ സഞ്ചരിച്ചത്.എന്നാല്‍, വഴിതെറ്റി കരിമ്പുഴ വനത്തിനുള്ളിലൂടെയായി സഞ്ചാരം. രാത്രിയായതോടെ ശക്തമായ മഴയും പെയ്തു.
വഴിയിലെ ചെളിയില്‍ കാറിന്റെ ടയര്‍ പുതഞ്ഞതോടെ പുറത്തുകടക്കാന്‍ വഴിയില്ലാതായി. വന്യമൃഗങ്ങളുള്ള വനത്തില്‍ കുടുങ്ങിയ സംഘം നിലമ്പൂര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി അധ്യാപകരെയും വാഹനത്തെയും പുറത്തെത്തിക്കുകയായിരുന്നു. ചെളിയില്‍ പൂണ്ട കാര്‍ കെട്ടിവലിച്ചാണ് പുറത്തെടുത്തത്.





Leave a Reply