വയനാട്ടിൽ തൊഴിലുറപ്പ് പദ്ധതിയുടെ കുതിപ്പ്; 200 കോടി രൂപയുടെ നേട്ടം
കൽപ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ വയനാട് ജില്ല സംസ്ഥാനത്തിന് തന്നെ മാതൃകയായി. 2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി 206.37 കോടി രൂപ ചെലവഴിക്കാൻ ജില്ലയ്ക്ക് സാധിച്ചു. ഇത് സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച നേട്ടമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 186.81 കോടി രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 43.75 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായി. ഇതിലൂടെ തൊഴിലാളികൾക്ക് കൂലിയായി 147.61 കോടി രൂപയും മെറ്റീരിയൽ വാങ്ങുന്നതിനായി 51.47 കോടി രൂപയും വിതരണം ചെയ്തു. ഈ സാമ്പത്തിക വർഷം 61,051 കുടുംബങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളികളായി. ഇതിൽ 26,358 കുടുംബങ്ങൾ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത് റെക്കോർഡ് നേട്ടമാണ്.
മെറ്റീരിയൽ ഇനത്തിൽ അധികമായി ഉപയോഗിച്ച 15.36 കോടി രൂപ ഉപയോഗിച്ച് ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി. 606 റോഡുകൾ, 28 കൾവർട്ടുകൾ, 31 ഡ്രെയിനേജുകൾ, 8 സ്കൂളുകൾക്ക് ചുറ്റുമതിൽ, 19 സ്വയം സഹായ ഗ്രൂപ്പുകൾക്ക് വർക്ക്ഷെഡ്, 182 ജലസേചന കുളങ്ങൾ, 3 അംഗൻവാടി കെട്ടിടങ്ങൾ എന്നിവ പൂർത്തീകരിച്ചു. ശുചിത്വ മേഖലയിൽ 1633 സോക്ക്പിറ്റുകളും 272 കംമ്പോസ്റ്റ് പിറ്റുകളും 126 മിനി എംസിഎഫുകളും നിർമ്മിച്ചു. കൂടാതെ 1200 ഓളം കുടുംബങ്ങൾക്ക് തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, തീറ്റപ്പുൽകൃഷി തുടങ്ങിയ വ്യക്തിഗത ആസ്തികളും നൽകി.
ജില്ലയിലെ വരൾച്ചയെ പ്രതിരോധിക്കുന്നതിനായി ജലസംരക്ഷണ പ്രവർത്തനങ്ങൾക്കും പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകി. ഓരോ വാർഡിലും ഓരോ നഴ്സറി ആരംഭിച്ച് ‘ഗ്രാമ സമൃദ്ധി’ എന്ന പേരിൽ നടപ്പാക്കുന്ന പുതിയ പദ്ധതി ഈ വർഷം ആരംഭിക്കും. തൊഴിൽ കാർഡുള്ള കർഷകർക്ക് അവരുടെ തോട്ടങ്ങളിൽ തെങ്ങ്, കവുങ്ങ്, കാപ്പി, കശുമാവ്, റംബുട്ടാൻ, മാങ്കോസ്റ്റീൻ, സപ്പോട്ട, മാവ്, പുതിയ ഇനം പ്ലാവുകൾ, ഔഷധസസ്യങ്ങൾ, പൂമരങ്ങൾ എന്നിവ സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഇതിലൂടെ 5 ലക്ഷം തൈകൾ കർഷകർക്ക് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
കൂടാതെ, ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ ജൈവവൈവിധ്യ പാർക്കും ഔഷധസസ്യ ഉദ്യാനവും നിർമ്മിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഈ മികച്ച മുന്നേറ്റം വയനാടിന്റെ ഗ്രാമീണ മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.





Leave a Reply