വേടന്റെ പുലിപ്പല്ലും വയനാട് കളക്ടറേറ്റും ചര്‍ച്ചയാകുന്നു
കല്‍പ്പറ്റ:വേടന്റെപേരില്‍ കേസെടുക്കുന്ന വനംവകുപ്പ് കളക്ടറേറ്റിലെ ആനക്കൊമ്പും പിടിച്ചെടുക്കണമെന്നാണ് ആവശ്യം.റാപ്പര്‍ വേടന്റെ പേരില്‍ പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് കേസെടുത്തതിനു പിന്നാലെ ചര്‍ച്ചകളില്‍നിറഞ്ഞ് വയനാട് കളക്ടറേറ്റിലെ ആനക്കൊമ്പും.
35 വര്‍ഷമായി വയനാട് കളക്ടറേറ്റില്‍ ആനക്കൊമ്പുകളെത്തിയിട്ട്. എല്ലാ നിയമക്രമങ്ങളും പാലിച്ചാണ് വനംവകുപ്പിന്റെ ശേഖരത്തിലുള്ള ആനക്കൊമ്പ് വയനാട്ടിലെത്തിച്ചതെന്ന് അറിയാതെയാണ് പലരും ചര്‍ച്ചകളില്‍ വാദമുയര്‍ത്തുന്നത്.മനുഷ്യാവകാശ കമ്മിഷനുമുന്‍പാകെ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നല്‍കിയ റിപ്പോര്‍ട്ടില്‍ ആനക്കൊമ്പ് പ്രദര്‍ശിപ്പിച്ചതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആരും വന്യജീവികളെ ഉപദ്രവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പറഞ്ഞിരുന്നു.
1990 ഡിസംബര്‍ 21-ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയ്ക്കനുവദിച്ച ആനക്കൊമ്പുകളാണ് കളക്ടറുടെ ചേംബറില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 1990-ല്‍ വയനാട് കളക്ടറായിരുന്ന മൈക്കിള്‍ വേദശിരോമണിയും സഹപ്രവര്‍ത്തകരുമടക്കം ഒന്‍പതുപേര്‍ കാട്ടാനക്കലിയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ഓര്‍മ്മയ്ക്കായാണ് ആനക്കൊമ്പുകള്‍ സ്ഥാപിച്ചത്. ചേകാടിയിലെ കാട്ടാനശല്യമറിഞ്ഞ് സ്ഥലംസന്ദര്‍ശിച്ച് കളക്ടറും സംഘവും മടങ്ങുന്നതിനിടെ കാട്ടില്‍വെച്ച് ഇവര്‍ ആനയുടെ ആക്രമണത്തിനിരയായി. കളക്ടറും സംഘവും സഞ്ചരിച്ച ജീപ്പ് കാട്ടാന കുത്തിമറിച്ചിടുകയും ജീപ്പിന്റെ ഷീറ്റിലേക്ക് കൊമ്പുകള്‍ തുളച്ചുകയറുകയുംചെയ്തു. ജീപ്പിന്റെ ഷീറ്റ് തുളച്ചുകയറിയ രണ്ടുകൊമ്പുകള്‍ക്കിടയില്‍പ്പെട്ടതുകൊണ്ടുമാത്രമാണ് കളക്ടര്‍ക്കൊപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ ടി.എം. ജോസഫിന് രക്ഷപ്പെടാനായത്. കാട്ടിലൂടെ ഏറെദൂരം ഓടിയ സംഘം ഒരു വീട്ടില്‍ അഭയംപ്രാപിക്കുകയായിരുന്നു. ഈ ഓര്‍മ്മയ്ക്കയാണ് കളക്ടര്‍ മൈക്കിള്‍ വേദശിരോമണി വനംവകുപ്പിലേക്ക് കത്തെഴുതി തിരുവനന്തപുരത്ത് വനംവകുപ്പിന്റെ ശേഖരത്തിലുള്ള ആനക്കൊമ്പ് വരുത്തിച്ചത്. 1991 ഓഗസ്റ്റ് 20-ലെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ 40/91 നമ്പര്‍ ഉത്തരവുപ്രകാരം ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു.
കളക്ടര്‍ മൈക്കിള്‍ വേദശിരോമണി സ്ഥലംമാറ്റംകിട്ടി പോയതോടെ വെറുതേകിടന്ന ആനക്കൊമ്പ് പിന്നീട് വേദശിരോമണിക്കുകീഴില്‍ സബ്കളക്ടറായിരുന്ന മുന്‍ കേരള ചീഫ്‌സെക്രട്ടറി വിശ്വാസ് മേത്ത കളക്ടറായിവന്നപ്പോഴാണ് സ്ഥാപിച്ചത്. 1995-ലായിരുന്നു ഇത്. പോഡാര്‍ പ്ലാന്റേഷന്‍ ചെയര്‍മാന്‍ ആകാശ് പോഡാറാണ് ചെലവുകള്‍ വഹിച്ചത്. പ്രിയദര്‍ശിനി തോട്ടത്തില്‍ വീണുകിടന്ന ഈട്ടിമരക്കൊമ്പിലാണ് ആനക്കൊമ്പ് സ്ഥാപിച്ചത്. ആനക്കൊമ്പ് സ്ഥാപിച്ചതുമുതല്‍ത്തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷവും വനംവകുപ്പിനും മനുഷ്യാവകാശ കമ്മിഷനും പരാതികള്‍ ലഭിച്ചു.വന്യജീവിസംരക്ഷണത്തിന്റെയും വനസമ്പത്തിന്റെയും പ്രതീകമാണ് ആനക്കൊമ്പുകളെന്നായിരുന്നു അന്ന് കളക്ടറുടെ വിശദീകരണം. ഇക്കുറി ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍ പറഞ്ഞു.





Leave a Reply