June 18, 2026

വള്ളിയൂർക്കാവ് ആഴ്ചച്ചന്ത മെയ് 30-ന് തുറക്കും; നടത്തിപ്പ് മലബാർ ദേവസ്വം ബോർഡിന്

0
img_20250507_170230
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വള്ളിയൂർക്കാവ് ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും പുനഃസ്ഥാപിക്കുന്നതിനായുള്ള ആഴ്ചച്ചന്ത (വള്ളിയൂർക്കാവ് ഡെവലപ്മെൻറ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസ്) പദ്ധതി മെയ് 30-നകം പ്രവർത്തനക്ഷമമാകും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി സർക്കാർ 4.87 കോടി രൂപ ചെലവഴിച്ച ഈ പദ്ധതിയുടെ നടത്തിപ്പ് മലബാർ ദേവസ്വം ബോർഡിനായിരിക്കും.

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പദ്ധതിയിൽ നിന്നുള്ള മൊത്തം വരുമാനത്തിന്റെ 80% മലബാർ ദേവസ്വം ബോർഡിനും 20% വിനോദസഞ്ചാര വകുപ്പിനുമായിരിക്കും. ഇതിനായുള്ള ധാരണാപത്രം ഉടൻ ഒപ്പുവയ്ക്കും.

ആഴ്ചച്ചന്തയിൽ ആകെ 43 സ്റ്റാളുകളുണ്ടാകും. ഇതിൽ ഓരോ സ്റ്റാൾ വീതം ദേവസ്വം വകുപ്പിനും വിനോദസഞ്ചാര വകുപ്പിനും നൽകും. ബാക്കിയുള്ള സ്റ്റാളുകൾ ലേലം ചെയ്യും. ലേലത്തിൽ പട്ടികവർഗ വിഭാഗം, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സംവരണം ഉണ്ടാകും.

പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ കെട്ടിട നമ്പർ മാനന്തവാടി നഗരസഭ ഉടൻ ലഭ്യമാക്കും. വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

കാർഷികോൽപ്പന്നങ്ങൾ, ഗോത്രവർഗക്കാരുടെ തനത് ഉൽപ്പന്നങ്ങൾ, കാർഷികയന്ത്രങ്ങൾ, ഉപകരണങ്ങൾ, വെജിറ്റേറിയൻ ഫുഡ് കോർട്ട്, കരകൗശല ഉൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, ഇക്കോ ഷോപ്പുകൾ, പൂജാ സ്റ്റോർ, ഫാൻസി കട, മ്യൂസിയം, കാർഷിക നഴ്സറി, കിഴങ്ങുവർഗ്ഗങ്ങൾ, വിത്ത് നഴ്സറി, മുള ഉൽപ്പന്നങ്ങൾ, പുഷ്പങ്ങളുടെ നഴ്സറി, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളാണ് പ്രധാനമായും ഇവിടെ വിഭാവനം ചെയ്യുന്നത്.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നെയ്ത്തും തറിയും, മുള ഉപയോഗിച്ച് കുട്ടയും വട്ടിയും നിർമ്മിക്കുന്നത്, കളിമണ്ണ് ഉപയോഗിച്ച് ചട്ടികളും കലങ്ങളും നിർമ്മിക്കുന്നത് എന്നിവയുടെ തത്സമയ ഡെമോൺസ്ട്രേഷനുകളും സ്റ്റാളുകളിൽ ഉണ്ടാകും. കൂടാതെ, കാർഷിക വിപണന രംഗത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിർമ്മിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും.

ആഴ്ചച്ചന്തയുടെ സുഗമമായ നടത്തിപ്പിനായി സുരക്ഷാ ജീവനക്കാരെയും ശുചീകരണ ജീവനക്കാരെയും നിയമിക്കും.

യോഗത്തിൽ മാനന്തവാടി നഗരസഭ കൗൺസിലർ കെ സി സുനിൽകുമാർ, എഡിഎം കെ ദേവകി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമ, മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) വിജയി പി ടി, എക്സിക്യൂട്ടീവ് ഓഫീസർ പി വി വിജയൻ, ഡിടിപിസി പ്രതിനിധികളായ രതീഷ് ബാബു പി എം, പ്രവീൺ പി പി, വള്ളിയൂർക്കാവ് ക്ഷേത്ര ട്രസ്റ്റിമാരായ ഏചോം ഗോപി, ഇ പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *