രാത്രികാല യാത്രാനിരോധം അവസാനിപ്പിക്കണം – റസാഖ് പാലേരി
ബത്തേരി: വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ ബത്തേരി-മൈസൂര്‍ റൂട്ടിലെ രാത്രിയാത്ര നിരോധനം നീക്കാനുള്ള ഇടപെടലുകള്‍ അടിയന്തരമായി കേരള സര്‍ക്കാര്‍ നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. സാഹോദര്യ കേരള യാത്രയുടെ ഭാഗമായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രികാല യാത്രാനിരോധം കാരണം ബത്തേരി ടൗണിലെ എല്ലാ വ്യാപാരങ്ങളും ബിസിനസുകളും പ്രതിസന്ധിയിലാണ്. ഈ മേഖലയിലെ ആളുകളുടെ ഉപജീവന മാര്‍ഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബത്തേരി മേഖലയില്‍ ടൗണില്‍ വരെ തുടര്‍ച്ചയായി പുലിയും മറ്റ് വന്യജീവികളും എത്തുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങള്‍ വരുന്നത് തടയാനുള്ള സുരക്ഷാ സംവിധാനങ്ങളും വന്യജീവികകള്‍ക്ക് കാട്ടിനുള്ളില്‍ തന്നെ വെള്ളവും മറ്റും ലഭിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിക്കണം. ജനങ്ങളെയും വന്യമൃഗങ്ങളെയും ഒരു പോലെ പരിഗണിച്ചു കൊണ്ടുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ പദയാത്ര പര്യടനത്തിന്റെ ഭാഗമായി മംഗലാപുരത്ത് വച്ച് സംഘ്പരിവാർ ഭീകരവാദികളാൽ കൊലചെയ്യപ്പെട്ട പുൽപ്പള്ളി സ്വദേശി അഷ്റഫിന്റെ വീട് റസാഖ് പാലേരിയും സംഘവും സന്ദർശിച്ചു. തുടർന്ന് സംസ്ഥാന പോലീസിൻ്റെ കസ്റ്റഡിയിൽ വച്ച് കൊല ചെയ്യപ്പെട്ട ആദിവാസി യുവാവ് ഗോകുലിന്റെ കുടുംബക്കാരെ പദയാത്ര സംഘം സന്ദർശിച്ചു.
വയനാട് ജില്ലയിലെ സാഹോദര്യ കേരള പദയാത്രയുടെ ഉദ്ഘാടന പര്യടനമായിരുന്നു സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നടന്നത്. ഊട്ടി റോഡിലെ ആർടിഒ ഓഫീസിന് മുമ്പിൽ നിന്നും ആരംഭിച്ച പദയാത്രക്ക് വഴിയിൽ ഉടനീളം വ്യത്യസ്ത ജനവിഭാഗങ്ങൾ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ബത്തേരി ടൗണിലെ സ്വാതന്ത്ര മൈതാനിയിലാണ് സ്വീകരണ പൊതുസമ്മേളനം നടന്നത്. മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം അമ്പലവയൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി പിഷാരടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് ലബീബ് കായക്കൊടി എന്നിവർ വിഷയാവതരണം നടത്തി. പദയാത്ര നായകൻ റസാഖ് പാലേരിക്ക് വിവിധ സാമൂഹിക പ്രവർത്തകർ, വ്യത്യസ്ത സംഘടന പ്രതിനിധികൾ തുടങ്ങിയവർ ഹാരാർപ്പണം നടത്തി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം വി. മുഹമ്മദ് ശരീഫ്, ജില്ലാ വൈസ് പ്രസിഡണ്ട് സൈദ് കുടുവ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.





Leave a Reply