കാലവര്‍ഷക്കെടുതി: ജില്ലയിലെ 242.74 ഹെക്ടറിലെ കൃഷി നശിച്ചു
ജില്ലയില്‍ മെയ് 24 മുതല്‍ ആരംഭിച്ച മഴ ശക്തി പ്രാപിച്ചതോടെ വിവിധ സ്ഥലങ്ങളിലായി 242.74 ഹെക്ടറുകളിലെ കൃഷി വിളകള്‍ക്ക് നാശനഷ്ടം. വൈത്തിരി, പനമരം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളിലെ 2,259 കര്‍ഷകര്‍ക്കാണ് കൃഷി നാശം നേരിടേണ്ടിവന്നത്. 2199.35 ലക്ഷം രൂപയുടെ നഷ്ടമാണ് ജില്ലയില്‍ ഇതുവരെ സംഭവിച്ചത്. ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് വാഴ കൃഷിക്കാണ്. 353850 കുലച്ച വാഴകള്‍ പൂര്‍ണ്ണമായി നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍. 92 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയും പൂര്‍ണ്ണമായി നശിച്ചു.
ശക്തമായ മഴയും വെള്ളപ്പൊക്കവും കാറ്റുമാണ് കൃഷി മേഖലയില്‍ വ്യപക നാശനടഷ്ടം സംഭവിക്കാന്‍ കാരണമായത്. മഴ തുടരുന്ന സാഹചര്യത്തില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ 24 മണിക്കൂറിനകം നാശനഷ്ടത്തിന്റെ കണക്ക് ബന്ധപ്പെട്ട കൃഷി ഉദ്യോഗസ്ഥരെ അറിയിക്കണം. ശേഷം 10 ദിവസത്തിനകം ആവശ്യമായ രേഖകളും കൃഷി നഷ്ടത്തിന്റെ ഫോട്ടോയും സഹിതം അക്ഷയ കേന്ദ്രങ്ങളിലെത്തി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഇന്‍ഷൂര്‍ ചെയ്ത വിളകള്‍ക്ക് കാലവര്‍ഷക്കെടുതിയിലെ നഷ്ടപരിഹാരത്തിന് പുറമേ വിള ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. ഇതിനായി വിളനാശം സംഭവിച്ച് 15 ദിവസത്തിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കാം. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലും കര്‍ഷകര്‍ക്ക് ബന്ധപ്പെടാം ഫോണ്‍- 9495012353, 9383471912.





Leave a Reply