പെരിക്കല്ലൂരിലെ ഭൂമി പ്രശ്നം: ഡിസിസി പ്രസിഡൻ്റ് വി ഡി സതീശന് നിവേദനം നൽകി
പുൽപ്പള്ളി, : പുൽപ്പള്ളി വില്ലേജിൽപ്പെട്ട പെരിക്കല്ലൂരിൽ 170-ഓളം കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന ഭൂമി വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകി. കർണാടക സ്വദേശിനിയിൽ നിന്ന് ലഭിച്ച ഒഴിപ്പിക്കൽ നോട്ടീസാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
മുളളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പുൽപ്പള്ളി വില്ലേജിലെ ബ്ലോക്ക് നമ്പർ 1, റീ സർവ്വേ നമ്പർ 87, 88, 89, 90, 91, 92, 93, 94, 95, 96 എന്നീ സ്ഥലങ്ങളിൽ താമസിക്കുന്ന 170 ഓളം പേരാണ് കഴിഞ്ഞ 60 വർഷത്തിലേറെയായി ഈ ഭൂമിയിൽ താമസിക്കുകയും കൃഷി ചെയ്യുകയും ഭൂനികുതി അടക്കുകയും ചെയ്യുന്നത്. ഇവർക്ക് സർക്കാരിൽ നിന്ന് ക്രയ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുള്ളവരുമാണ്. ഭൂരിപക്ഷം പേരും ഈ ഭൂമിയുടെ രേഖകൾ സമർപ്പിച്ച് ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കൃഷിയിലൂടെ ഉപജീവനം നടത്തുന്നവരാണ്.
എന്നാൽ, കർണാടക സ്വദേശിനിയായ പൂർണിമ എം.എസ്. എന്നയാൾ ഈ ഭൂമി തൻ്റെ പിതൃഅവകാശത്തിലുള്ളതാണെന്ന് അവകാശപ്പെടുകയും, ഭൂമി ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ.ടി. ജോർജ് മുഖേന 170 ഓളം പേർക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരിക്കുകയാണ്. ഇത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് അപ്പച്ചൻ തൻ്റെ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഈ വിഷയം സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ട ഒന്നായതിനാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സർക്കാർ തലത്തിൽ ഇടപെട്ട് പ്രദേശവാസികളെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കാതെ, അവർക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.





Leave a Reply