July 31, 2026

പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധസദസ് സംഘടിപ്പിച്ചു

0
IMG_20250801_210253
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: ഛത്തീസ്ഗഡ് ജയിലില്‍ അടക്കപ്പെട്ടതു കേവലം രണ്ട് കന്യാസ്ത്രീകളല്ല, ഭാരതത്തിന്റെ മതേതരത്വമാണെന്ന് കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ്. ജയില്‍ മോചിതമാകേണ്ടത് രാജ്യത്തിന്റെ മതേതരത്വമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ക്കെതിരെ വര്‍ഗീയ ഫാസിസ്റ്റുകള്‍ നാളെകളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നടപടികളുടെ റിഹേഴ്‌സലാണ് അവിടെ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന് മുന്നില്‍ നാനാജാതി മത ഭാഷാ വിഭാഗങ്ങള്‍ ഒരമ്മയുടെ മക്കളെപ്പോലെ സഹവര്‍ത്തിച്ച് ജീവിക്കുന്ന സുന്ദരനാട് എന്ന മനോഹരമുഖമാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍ മാന്തിക്കീറി വികൃതമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഛത്തിസ്ഗഡിലെ ബി ജെ പി സര്‍ക്കാരിന്റെ അഭിഭാഷകന്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കൊടുക്കാന്‍ പാടില്ലന്ന് ശക്തമായി വാദിക്കുന്നു. അങ്ങനെ കോടതി ജാമ്യം നിഷേധിക്കുന്നു. തുടര്‍ന്ന് മേല്‍ക്കോടതില്‍ കന്യാസ്ത്രീകള്‍ ജാമ്യാപേക്ഷ നല്‍കുന്നു. അവിടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് വര്‍ഗീയ തീവ്ര ഫാസിസ്റ്റ് ശക്തികള്‍ ജാമ്യം നല്‍കുന്നതിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു, തുടര്‍ന്ന് ജാമ്യം പരിഗണിക്കുന്നതിന് പകരം കോടതി പ്രസ്തുത കേസ് എന്‍ ഐ എ കോടതി പരിഗണിക്കാനായി മാറ്റുന്നു. ബി ജെ പി മുഖ്യമന്ത്രിയും എം പിമാരും കൂടുതല്‍ ശക്തമായി കന്യാസ്ത്രീകളുടെ മേല്‍ മനുഷ്യക്കടത്തും മതം മാറ്റവും ആരോപിക്കുന്നു. ഇതിനര്‍ത്ഥം വര്‍ഗീയ ഫാസിസ്റ്റുകളുടെ ചട്ടുകങ്ങളായി തന്നെയാണ് പൊലീസും ഭരണകൂടവും നിലപാടുകളെടുക്കുന്നതെന്ന് ബോധ്യമാകുന്നതാണ്. കോടതിയെപ്പോലും ഭീഷണിപ്പെട്ടത്തി വശത്താക്കാന്‍ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുകയാണ്. സനാദനഹൈന്ദവധര്‍മ്മങ്ങളില്‍ വിശ്വസിക്കുന്നവരും ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഹൈന്ദവസമൂഹം ഈ വര്‍ഗ്ഗീയ ഫാസിസ്റ്റ് നീക്കത്തെ എതിര്‍ക്കുകയാണെങ്കില്‍ അവര്‍ക്കു പോലും ഈ തീവ്ര തെമ്മാടിക്കൂട്ടങ്ങളില്‍ നിന്നും രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. അതിനുദാഹരണമാണ് ജസ്റ്റിസ് ലോയ, ഗൗരീശങ്കര്‍, നരേന്ദ്ര ദബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗോവിന്ദപല്‍ സാരെഎന്നിവരുടെയെല്ലാം വധം. സജ്ജയ് ഭട്ട് എന്ന സത്യസന്ധനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിരവധി വര്‍ഷമായി തുടരുന്ന ജയില്‍വാസത്തിന്റേയുമൊക്കെ പിന്നില്‍ സംഭവിക്കുന്നത്. ഇതൊക്കെ അരങ്ങേറുന്നതിനിടയിലാണ് കേരളത്തില്‍ കേക്കും വീഞ്ഞുമായി ഒരു കൂട്ടര്‍ അരമനകളിലും പള്ളിമേടകളിലുമൊക്കെ കയറിയിറങ്ങുന്നത്. ഇവരെ കരുതിയിരുന്നില്ലെങ്കില്‍ വന്‍വിപത്തുകളില്‍ നാട് എത്തിപ്പെടുമെന്നും പൗലോസ് മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് പി ഡി ജോണി അധ്യക്ഷനായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന്‍, ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍, ജിനി തോമസ്, പി എന്‍ ശിവന്‍, റജി പുളിങ്കുന്നേല്‍, വര്‍ക്കി പാലക്കാട്ട്, എല്‍ദോസ്, മാത്യു ഉണ്ടശ്ശാന്‍ പറമ്പില്‍, ടി പി ശശിധരന്‍മാസ്റ്റര്‍, ടോമി കെ എല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *