ഏകദിന ചലച്ചിത്രമേളയും ഓപ്പൺ ഫോറവും സംഘടിപ്പിച്ചു
ബത്തേരി: ഒപ്പറ ഫിലിം സൊസൈറ്റിയും സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി ഇംഗ്ലീഷ് വിഭാഗവും ക്നാതി ട്രൈബൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഏകദിന ചലച്ചിത്രമേള സംഘടിപ്പിച്ചു. കഴിഞ്ഞ മാസം അന്തരിച്ച പ്രശസ്ത ഫ്രഞ്ച് – അൾജീരിയൻ സംവിധായകൻ ടോണി ഗാറ്റ്ലിഫിന് ആദരവർപ്പിച്ചുകൊണ്ട് സെന്റ് മേരീസ് കോളേജ് ഡിജിറ്റൽ തിയേറ്ററിൽ നടന്ന മേള മുൻ പ്രിൻസിപ്പാൾ ഡോ. വിജയകുമാർ എ. ആർ. ഉദ്ഘാടനം ചെയ്തു. ഡോക്യുമെന്ററി ഫിലിം മേക്കറും നടനും സിനിമാ നിരൂപകനും സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനുമായ രൂപേഷ് കുമാർ പരിപാടിയിൽ ചീഫ് ഗസ്റ്റായി പങ്കെടുത്തു.
മേളയിൽ ടോണി ഗാറ്റ്ലിഫിന്റെ പ്രശസ്ത ചിത്രങ്ങളായ ‘ഡിജാം’, ‘ട്രാൻസിൽവാനിയ’ എന്നിവയ്ക്കൊപ്പം വയനാട്ടിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളുടെ ഷോർട്ട് ഫിലിമുകളിൽ മികച്ച ചിത്രങ്ങളായ മാനന്തവാടി ഗവ. കോളേജിലെ നിതുൽജിത്ത്, അശ്വിൻ ജി. കെ. എന്നിവർ സംവിധാനം ചെയ്ത ‘ഡെപ്ത്’, സെന്റ് മേരീസ് കോളേജിലെ അമൻ മൊയ്തു സംവിധാനം ചെയ്ത ‘സെറ്റിൽമെന്റ്’ എന്നിവയും പ്രദർശിപ്പിച്ചു.
തുടർന്ന് “സമീപകാല മലയാള സിനിമ; ദൃശ്യം ശരീരം രാഷ്ട്രീയം” എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ രൂപേഷ് കുമാർ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഡബ്ബിംഗ് ആർട്ടിസ്റ്റും ഫ്രീലാൻസ് ജേർണലിസ്റ്റുമായ ആശ വി. സി. മോഡറേറ്ററായിരുന്നു. കൃത്രിമ മാതൃത്വത്തിൻ മേലുള്ള വൈകാരിക നോട്ടം മലയാള സിനിമയിൽ മാറിയിട്ടില്ലെന്നും കവിയൂർ പൊന്നമ്മയിലെ ‘മാതൃ’ കഥാപാത്രങ്ങളെ വാഴ്ത്തുന്നവർ ഫിലോമിനയുടെ ‘തള്ള’ കഥാപാത്രങ്ങൾക്ക് യാതൊരു മൂല്യവും കൽപ്പിക്കുന്നില്ലെന്നും രൂപേഷ് കുമാർ ചൂണ്ടിക്കാട്ടി. പൊന്നമ്മമാരുടെ ‘ഉണ്ണീ… ഉണ്ണീ…’ എന്നുള്ള അശ്ലീലവിളിയിൽ ആനന്ദക്കണ്ണീർ പൊഴിക്കുന്നവർ തന്നെയാണ് ബാലൻ പോലുള്ള സിനിമയിലെ ടോക്സിക് പാരന്റിംഗിൽ കരഞ്ഞ് കയ്യടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം അമ്മശരീര ദൃശ്യത കൊണ്ട് നടക്കുന്നവർക്ക് “ആനപ്പാറ അച്ചാമ്മ”യെ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിൽക്ക് സ്മിതയുടെയും ഡിസ്കോ ശാന്തിയുടെയും അനുരാധയുടെയും ചിത്രയുടെയും ശരീരത്തിന്റെ ദൃശ്യതയിൽ ഇരവിൽ രസിക്കുന്നവർ പകലിൽ അവരെ പുച്ഛിക്കുന്ന സമീപനത്തിൽ ഏറെക്കുറേ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാള സിനിമ ഇന്നും 80-കളിലേക്ക് നോക്കി ഗ്രാമീണ നിഷ്കളങ്കതയെ (അങ്ങനെ ഒന്നില്ല) പുതിയ കുപ്പായമിട്ട് ഇറക്കുകയാണെന്ന് ബത്‌ലഹേം കുടുംബ യൂണിറ്റ് സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘ടി. പി. ബാലഗോപാലൻ എം. എ.’യുടെ സംവരണം കിട്ടാത്ത ദുഃഖത്തിൽ ഇന്നും കൂടെക്കരയുന്ന മലയാളിക്ക് കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഗീതാ ജോർജ്ജ് കെ. അധ്യക്ഷത വഹിച്ചു. ഒപ്പറ ഫിലിം സൊസൈറ്റി സെക്രട്ടറി അറവൻ സ്വാഗതവും IQAC കോർഡിനേറ്റർ ഡോ. സുനിൽ ജോൺ, ഒപ്പറ ജോയിന്റ് സെക്രട്ടറി പുഷ്പ എം. എ., ഫാദർ ജിൻസ് എൻ. ബി. എന്നിവർ ആശംസകളും അറിയിച്ചു. തുടർന്ന് വിദ്യാർത്ഥിനി ദേവന നന്ദി പറഞ്ഞു.




Leave a Reply